മലപ്പുറത്തിനെതിരായ സി.പി.എം നേതാക്കളുടെ അധിക്ഷേപം തുടരുന്നു: പി. നന്ദകുമാറിന്റെ പരാമർശം വിവാദത്തിൽ; പ്രതിഷേധം ശക്തം

മലപ്പുറം: പൊന്നാനി മുൻ എം.എൽ.എയും സി.പി.എം മുതിർന്ന നേതാവുമായ പി. നന്ദകുമാർ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ മലപ്പുറം ജില്ലയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം പാർട്ടി നേതാക്കൾ മുമ്പ് നടത്തിയ വിവാദ പ്രസ്താവനകളുടെ തനിയാവർത്തനമായി മാറുന്നു. ശനിയാഴ്ച പൊന്നാനിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കവെ, മലപ്പുറം ജില്ല “മതമൗലിക-വർഗീയവാദികളുടെ കൂടാണ്” എന്ന് നന്ദകുമാർ നടത്തിയ പ്രസ്താവനയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ കടുത്ത വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്ലിം മതസംഘടനാ നേതൃത്വങ്ങളും കടുത്ത ഭാഷയിലാണ് ഈ അധിക്ഷേപത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്ന് മലപ്പുറം ജില്ലയെ ലക്ഷ്യമിട്ടുള്ള അധിക്ഷേപകരമായ പ്രസ്താവനകൾ മുൻപും പലതവണ ഉണ്ടായിട്ടുണ്ട്. ജില്ലയുടെ പൊതു രാഷ്ട്രീയ ഉള്ളടക്കം വർഗീയമാണെന്ന തരത്തിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ നടത്തിയ പരാമർശം നേരത്തെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കൂടാതെ 2024 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ, മലപ്പുറത്തേക്ക് ഒഴുകുന്ന ഹവാല പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്ന രീതിയിലുള്ള പരാമർശങ്ങൾ വന്നതും വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം വിവാദമായപ്പോൾ ഈ വാചകങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിക്കുകയും, അഭിമുഖത്തിന് പിന്നിൽ പ്രവർത്തിച്ച പി.ആർ ഏജൻസിയുടെ ഇടപെടലാണെന്ന് വിശദീകരിക്കുകയും ചെയ്തെങ്കിലും ദുരൂഹതകൾ നിലനിൽക്കുകയായിരുന്നു.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും മലപ്പുറത്തെയും മുസ്ലിം ലീഗിനെയും ബന്ധപ്പെടുത്തി സമാനമായ വിവാദ പരാമർശങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മലപ്പുറത്ത് ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികൾ നടത്തിയ സമരത്തിന് പിന്നിൽ തീവ്രവാദ ശക്തികളാണെന്നും, ലീഗ് തീവ്രവാദികളെ മുന്നിൽ നിർത്തിയാണ് സമരം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൂടാതെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ തീവ്രവാദ സംഘടനകളാണെന്ന പ്രസ്താവനയും വിജയരാഘവന്റേതായി പുറത്തുവന്നു. സംസ്ഥാന സമിതി തീരുമാനപ്രകാരം ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ സി.പി.എം ആസൂത്രണം ചെയ്യുന്നതിനിടെയാണ് മുതിർന്ന നേതാക്കളിൽ നിന്ന് തന്നെ ജില്ലയ്ക്കെതിരെ വീണ്ടും അധിക്ഷേപങ്ങൾ ഉണ്ടാകുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles