യു.എസ് ഉപരോധം: എല്ലാ രാജ്യങ്ങൾക്കുമെതിരെയുള്ള ‘യുദ്ധപ്രഖ്യാപനം’; വിമർശനവുമായി ഇറാൻ

ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഒരു രാജ്യത്തിന് മാത്രമെതിരെയുള്ള നടപടിയല്ലെന്നും അത് എല്ലാ രാജ്യങ്ങൾക്കുമെതിരെയുള്ള ‘യുദ്ധപ്രഖ്യാപനമാണെന്നും’ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയിലെ സ്വതന്ത്ര അംഗങ്ങളായ എല്ലാ രാജ്യങ്ങൾക്കുമേൽ സ്വന്തം പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള അമേരിക്കൻ ശ്രമത്തിന്റെ ഭാഗമാണ് ഈ പുതിയ ഉപരോധമെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം പരമാധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളെയോ സ്ഥാപനങ്ങളെയോ വിമാനത്താവളങ്ങളെയോ മറ്റൊരു മൂന്നാം രാജ്യവുമായി ന്യായമായ വ്യാപാരം നടത്തുന്നതിൽ നിന്ന് തടയാൻ ഒരു സർക്കാരിനും അവകാശമില്ലെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനമില്ലാത്ത ഇത്തരം ദ്വിതീയ ഉപരോധങ്ങൾ യു.എൻ ചാർട്ടർ ആർട്ടിക്കിൾ 2, ഖണ്ഡിക 1-ൽ പറയുന്ന പരമാധികാര സമത്വ തത്വങ്ങളുടെ ലംഘനമാണെന്നും കൂട്ടിച്ചേർത്തു. സാമ്പത്തിക-നാവിക ഉപരോധങ്ങൾ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നും ഇത്തരം ഭീഷണികൾക്ക് വഴങ്ങുന്നത് ദേശീയ പരമാധികാരത്തിന്റെ തകർച്ചക്കും കൊളോണിയലിസത്തിലേക്കുള്ള മടങ്ങിപ്പോക്കിനും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, വർഷങ്ങളായുള്ള ഉപരോധങ്ങൾക്കും ബാഹ്യസമ്മർദ്ദങ്ങൾക്കും ഇടയിലും രാജ്യത്തിന്റെ പ്രതിരോധ വ്യവസായം ദേശീയ സുരക്ഷയുടെ പ്രധാന സ്തംഭമായി മാറിയെന്ന് ഇറാൻ നാവികസേനാ മേധാവി വ്യക്തമാക്കി. തദ്ദേശീയമായ കഴിവുകളെയും ആഭ്യന്തര സാങ്കേതിക വിജ്ഞാനത്തെയും ആശ്രയിക്കാനാണ് ഇറാൻ തീരുമാനിച്ചതെന്നും അത് രാജ്യത്തിന്റെ സുരക്ഷാ ശക്തിയുടെ അടിത്തറയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ഇറാഖിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഹുർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകൾ കടന്നുപോകാൻ ഇറാൻ ഇറാഖിന് അനുമതി നൽകിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിന്റെ ഇറാഖ് സന്ദർശനവേളയിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്.

Related Articles

- Advertisement -spot_img

Latest Articles