ഒ.ബി.സി ക്രീമിലെയർ ഹർജിയിൽ പ്രത്യേക ബെഞ്ച് വരുന്നു; ജാതി സെൻസസ് ചോദ്യാവലിക്കെതിരെ ഖാർഗെയും രാഹുലും

ന്യൂഡൽഹി: ഒ.ബി.സി ക്രീമിലെയർ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ ഹരജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് ആലോചിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒ.ബി.സി ക്രീമിലെയർ വിധി 2025-ലെ സിവിൽ സർവീസ് പരീക്ഷാർത്ഥികൾക്ക് ബാധകമാക്കണമോ എന്നതിൽ വ്യക്തത തേടിയാണ് കേന്ദ്രം കോടതിയെ സമീപിച്ചത്. പുതിയ വിധിക്ക് മുൻപുണ്ടായിരുന്ന മാനദണ്ഡപ്രകാരം യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയിൽ യോഗ്യത നേടിയ 958 ഉദ്യോഗാർത്ഥികളുടെ സർവീസ് അലോട്ട്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഈ അപേക്ഷ ഉന്നയിച്ചത്.

അതേസമയം, കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നിലവിലെ ജാതി സെൻസസ് ചോദ്യാവലി തട്ടിപ്പും വഞ്ചനയുമാണെന്നും അത് ഉടനടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്തമായി കത്തയച്ചു. രാഷ്ട്രീയ പാർട്ടികളുമായും വിദഗ്ധരുമായും ചർച്ച ചെയ്ത് പുതിയ ചോദ്യാവലി തയ്യാറാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. 2024-ൽ തെലങ്കാനയും 2022-ൽ ബിഹാറും നടത്തിയ വിജയകരമായ ജാതി സർവേ മാതൃകകൾ കേന്ദ്രം പിന്തുടരണമെന്ന് വ്യക്തമാക്കിയ ഇരു നേതാക്കളും, ആ സംസ്ഥാനങ്ങളിലെ ജാതി പട്ടികകളുടെ പകർപ്പും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

വ്യക്തികൾ നൽകുന്ന ജാതിപ്പേര് അതേപടി രേഖപ്പെടുത്തുന്ന രീതി വലിയ വീഴ്ചയാണെന്ന് കത്ത് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ ഒരേ ജാതി തന്നെ വ്യത്യസ്ത പേരുകളിലും ഉപജാതികളിലും അറിയപ്പെടുന്നതിനാൽ ഈ രീതി ലക്ഷക്കണക്കിന് ഭിന്നിച്ച ജാതിപ്പേരുകൾ മാത്രമുള്ള അപൂർണ്ണമായ ലിസ്റ്റാകും നൽകുക. ഇത് സെൻസസ് പ്രക്രിയയെ അവതാളത്തിലാക്കും. കൂടാതെ, സെൻസസിൽ ‘പിന്നാക്ക വിഭാഗം’ എന്ന പദം ഉൾപ്പെടുത്താത്തതിനാൽ രാജ്യത്തെ ഒ.ബി.സി ജനസംഖ്യ കൃത്യമായി കണ്ടെത്താനാകില്ല. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി ചെയ്യുന്നത് പോലെ ജാതികൾ തിരഞ്ഞെടുക്കാൻ മുൻകൂട്ടി തയ്യാറാക്കിയ പട്ടിക നൽകണം. കൃത്യമായ കണക്കുകളില്ലാതെ സാമൂഹിക നീതി നടപ്പാക്കാനാകില്ലെന്നും നിലവിലെ രീതി പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ-തൊഴിൽ ക്ഷേമപദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജാതി സെൻസസ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രിക്ക് അയക്കുന്ന മൂന്നാമത്തെ കത്താണിതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles