ന്യൂയോർക്കിൽ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തം; നിലപാട് വ്യക്തമാക്കി മംദാനി

വാഷിങ്ടൺ: ന്യൂയോർക്കിൽ ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഓഗസ്റ്റ് 29-ന് മാൻഹട്ടനിൽ സംഘടിപ്പിക്കുന്ന പരിപാടിയെ താൻ പിന്തുണയ്ക്കുന്നില്ലെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കി. എന്നാൽ സ്വകാര്യ സ്വഭാവമുള്ള ഇത്തരം പരിപാടികൾ റദ്ദാക്കാൻ നഗരഭരണകൂടത്തിന് നിയമപരമായി അധികാരമുണ്ടോ എന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം, ഇന്ത്യൻ-അമേരിക്കൻ മേയറാണ് സൊഹ്റാൻ മംദാനി.

‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ‘യൂണിവേഴ്‌സൽ വൺനെസ് സെലിബ്രേഷൻ’ എന്ന പേരിൽ ഹിന്ദു അമേരിക്കൻ സമൂഹത്തെ ഏകോപിപ്പിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാംസ്കാരിക പൈതൃകവും അന്തർമത ഐക്യവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അവകാശപ്പെടുമ്പോഴും, മോഹൻ ഭാഗവതിന്റെ പങ്കാളിത്തവും ആർ.എസ്.എസിന്റെ ചരിത്രവും ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകരും വിവിധ പ്രാദേശിക സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. താൻ വളർന്നുവന്ന ഇന്ത്യ മതേതരത്വവും ബഹുസ്വരതയും പുലരുന്ന രാജ്യമാണെന്നും, അതിന് വിരുദ്ധമായി ഒഴിവാക്കൽ നയം അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്ഥാനം വളരുന്നത് ആശങ്കാജനകമാണെന്നും മംദാനി ചൂണ്ടിക്കാട്ടി.

സംഘടനയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്താനാണ് വിദേശ സന്ദർശനം നടത്തുന്നതെന്ന് ആർ.എസ്.എസ് വ്യക്തമാക്കുമ്പോൾ, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ആർ.എസ്.എസ് പങ്കാളിയായിട്ടുണ്ടെന്നാണ് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ വിലയിരുത്തൽ. പൗരത്വ നിയമഭേദഗതി, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ തുടങ്ങിയ നടപടികൾ ന്യൂനപക്ഷങ്ങൾക്ക് മേലുള്ള സമ്മർദ്ദം വർധിപ്പിച്ചതായി ഐക്യരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശ സംഘടനകളും വിമർശിക്കാറുണ്ടെങ്കിലും, ഈ ആരോപണങ്ങളെല്ലാം കേന്ദ്ര സർക്കാരും ബി.ജെ.പിയും ശക്തമായി നിഷേധിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles