മുജ്തബ ഖാംനഈ ജീവിച്ചിരിപ്പുണ്ട്, എന്നാൽ അതിഗുരുതരമായി പരിക്കേറ്റു: വെളിപ്പെടുത്തലുമായി ട്രംപ്

വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം മുജ്തബ ഖാംനഈ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ ചിത്രങ്ങൾ പുറത്തുവരികയോ ചെയ്യാത്ത സാഹചര്യത്തിൽ അദ്ദേഹത്തെക്കുറിച്ച് മാസങ്ങളായി അഭ്യൂഹങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.

അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പിതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മുജ്തബ ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റെടുത്തത്. എന്നാൽ, അദ്ദേഹത്തിന് അതിഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ശരീരത്തിന്റെ ഇടതുഭാഗവും കൈകാലുകളും തകർന്ന നിലയിലാണെന്നും റേഡിയോ അവതാരകനായ ഗ്ലെൻ ബെക്കുമായുള്ള അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഇനി പരമോന്നത നേതാവ് ജീവിച്ചിരിപ്പില്ലെങ്കിൽ, ഇറാൻ നിലവിൽ മികച്ച ഒരു നാടകമാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുജ്തബ ഖാംനഈ പദവിയിലെത്തി ആറ് മാസം പിന്നിട്ടിട്ടും, നിലവിലെ അമേരിക്ക-ഇറാൻ യുദ്ധത്തിനിടയിലെ അദ്ദേഹത്തിന്റെ നീണ്ട അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അദ്ദേഹം കൊല്ലപ്പെടുകയോ ഭരണനിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ട്രംപിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.

Related Articles

- Advertisement -spot_img

Latest Articles