ഭുവനേശ്വറിൽ മുസ്ലിം ദമ്പതികൾക്ക് നേരെ ഗോസംരക്ഷകരുടെ അതിക്രമം

ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ ബീഫ് കൈവശം വച്ചെന്നാരോപിച്ച് മുസ്ലിം ദമ്പതികളെ സ്വയംപ്രഖ്യാപിത ഗോസംരക്ഷകർ വഴിയിൽ തടഞ്ഞുനിർത്തി പരസ്യമായി അപമാനിക്കുകയും അതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ഓഗസ്റ്റ് 19-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബീഫ് കടത്തുകയാണെന്ന് ആരോപിച്ചെത്തിയ സംഘം ദമ്പതികളെ തടഞ്ഞുനിർത്തുകയും റോഡിൽ മുട്ടുകുത്തിച്ച്, കാതുകളിൽ പിടിപ്പിച്ച് നിർബന്ധപൂർവ്വം ‘ജയ് ശ്രീറാം’, ‘ജയ് ഗോമാതാ’ മുദ്രാവാക്യങ്ങൾ വിളിപ്പിക്കുകയുമായിരുന്നു.

അതിക്രമത്തിന് ഇരയായ ദമ്പതികൾ ഭയന്ന് അക്രമികളുടെ ആവശ്യങ്ങൾ അനുസരിച്ചെങ്കിലും, നാട്ടുകാരായ ചിലരും അക്രമികൾക്കൊപ്പം ചേർന്നതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ എത്തിയ ശേഷവും സംഘം മുദ്രാവാക്യം വിളി തുടരുന്നതും വീഡിയോയിൽ ദൃശ്യമാണ്. പോലീസ് സാന്നിധ്യത്തിൽ പോലും അക്രമം തടയാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒഡീഷയിൽ ഗോവധ നിരോധന നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കങ്ങൾക്കിടെയാണ് തലസ്ഥാന നഗരിയിൽ തന്നെ ഇത്തരമൊരു അതിക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles