കൊച്ചി: മധ്യകേരളത്തിലെ തിരുനബി പ്രകീർത്തന സദസ്സുകളിൽ പ്രശസ്തമായ ഹുബ്ബുറസൂൽ കോൺഫറൻസിന്റെ 21-ാമത് പതിപ്പ് ഈ മാസം 30-ന് (ഞായർ) എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. ‘ഖൽബിലുണ്ട് എന്റെ നബി ‘ എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഹുബ്ബുറസൂൽ പ്രഭാഷണവും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രമേയ പ്രഭാഷണവും നടത്തും.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കലൂർ മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് മൂന്ന് മണിക്കൂർ നീളുന്ന ശറഫൽ അനാം മൗലിദ് സദസ്സും അതിനുശേഷം പൊതുസമ്മേളനവും നടക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, സി. മുഹമ്മദ് ഫൈസി, ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം തുടങ്ങിയ പ്രമുഖ മതപണ്ഡിതരും മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ, എം.എൽ.എമാരായ അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കളും വിദേശ പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ വി.എച്ച്. അലി ദാരിമി, സി.ടി. ഹാഷിം തങ്ങൾ, എം.പി. അബ്ദുൽ ജബ്ബാർ സഖാഫി തുടങ്ങിയവർ പങ്കെടുത്തു.



