ഇടതുമുന്നണിയുടെ കുത്തക ആർക്കുമില്ല; രൂക്ഷ പ്രതികരണവുമായി സി. ദിവാകരൻ, ഭിന്നത രൂക്ഷം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സിപിഎമ്മിനെയും പിണറായി വിജയനെയും അതിരൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ. ഇടതുപക്ഷത്തിന്റെ കുത്തക ആർക്കും കൊടുത്തിട്ടില്ലെന്നും എൽ.ഡി.എഫിന്റെ ഹോൾസെയിൽ ആരും ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയിലെ എല്ലാ ഘടകകക്ഷികൾക്കും തുല്യ അവകാശമുണ്ടെന്നും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന് ചില വലതുപക്ഷ വ്യതിയാനങ്ങൾ സംഭവിച്ചതായി തങ്ങൾക്ക് തോന്നിയിരുന്നെന്നും അദ്ദേഹം തുറന്നടിച്ചു.

ജനങ്ങളുടെ താല്പര്യങ്ങളേക്കാൾ ചില പ്രത്യേക വ്യക്തികളുടെയും കമ്പനികളുടെയും സ്വകാര്യ സ്വത്ത് വർദ്ധിപ്പിക്കുന്ന നിലപാടാണ് കഴിഞ്ഞ സർക്കാരിൽ നിന്ന് ഉണ്ടായതെന്നും, അവസാനത്തെ ഒന്നോ രണ്ടോ വർഷങ്ങളിൽ സർക്കാർ വഴിതെറ്റിയതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്നും ദിവാകരൻ ചൂണ്ടിക്കാട്ടി. ആർക്കും ദ്രോഹമില്ലാത്ത നിരുപദ്രവകരമായ പ്രതിപക്ഷ ഉപനേതൃപദവിയാണ് സിപിഐ ചോദിച്ചതെന്നും, പുതിയ മുഖങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപനേതൃപദവിയിൽ ഇനി ചർച്ചയില്ലെന്ന പിണറായി വിജയന്റെ നിലപാട് രാഷ്ട്രീയമായി ശരിയല്ലെന്ന് പറഞ്ഞ ദിവാകരൻ, കഴിഞ്ഞ 10 വർഷം പിണറായിയെ തങ്ങൾ ഒന്നും പറയാതിരുന്നത് പറയാൻ ഒന്നുമില്ലാഞ്ഞിട്ടല്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ഉപനേതൃപദവിയിൽ സിപിഐയുമായി ചർച്ച നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ച ഇനിയില്ലെന്ന പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വാഗതം ചെയ്തു. ടി.പിയുടേതാണ് എൽ.ഡി.എഫിന്റെ ഭാഷയെന്നും അതാണ് മുന്നണി സംസ്കാരമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. മുൻപ് ‘ജനയുഗം’ ലേഖനത്തിലൂടെ സത്യൻ മൊകേരി നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ സി.എൻ. മോഹനൻ, വി. ശിവൻകുട്ടി തുടങ്ങിയ സിപിഎം നേതാക്കൾ സിപിഐയെ പരിഹസിച്ചത് മുന്നണിയിൽ തർക്കം കൂടുതൽ വഷളാക്കിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles