ഗുജറാത്തിൽ മലാലയുടെ പുസ്തകച്ചർച്ചയ്ക്ക് നേരെ വി.എച്ച്.പി-ബജ്‌രംഗ്ദൾ അതിക്രമം: രണ്ടുപേർക്ക് പരിക്ക്, മൂന്നുപേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ ‘ഐ ആം മലാല’ എന്ന പുസ്തകത്തിന്റെ വായനയ്ക്കും ചർച്ചയ്ക്കും നേരെ വി.എച്ച്.പി, ബജ്‌രംഗ്ദൾ പ്രവർത്തകരുടെ അതിക്രമം. വ്യാഴാഴ്ച (ഓഗസ്റ്റ് 27) വൈകുന്നേരം അഹമ്മദാബാദിലെ വസ്ത്രപൂർ ഗാർഡനിൽ വെച്ചാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേർ പങ്കെടുത്ത സമാധാനപരമായ ചർച്ചയ്ക്ക് നേരെ ആയുധങ്ങളുമായെത്തിയ പതിനെട്ടോളം വരുന്ന അക്രമികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമ സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

എന്തിനാണ് മലാലയുടെ പുസ്തകം വായിക്കുന്നതെന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് പങ്കെടുത്തവർ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അഹമ്മദാബാദ് പോലീസ്, തിരിച്ചറിഞ്ഞ പ്രതികളിൽ മൂന്നുപേരെ ഇതിനകം അറസ്റ്റ് ചെയ്തു. മുൻപ് ഒരു സ്കൂളിൽ ഈ പുസ്തകം വായനാ പട്ടികയിൽ ഉൾപ്പെടുത്തിയത് ബജ്‌രംഗ്ദൾ എതിർപ്പിനെ തുടർന്ന് ഒഴിവാക്കിയിരുന്നു. മലാല കശ്മീർ വിഷയത്തിൽ സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. ഈ ചർച്ച പിന്നീട് പൊതു പൂന്തോട്ടത്തിൽ സംഘടിപ്പിക്കുകയായിരുന്നുവെന്ന് ബജ്‌രംഗ്ദൾ നേതാവ് ജ്വാലിത് മെഹ്ത അറിയിച്ചു.

അതേസമയം, സാംസ്കാരിക കൂട്ടായ്മയ്ക്ക് നേരെ നടന്ന ആക്രമണത്തെ പ്രതിപക്ഷ കക്ഷികൾ ശക്തമായി അപലപിച്ചു. വിവരക്കേടും വർഗീയതയും കൂടിച്ചേരുമ്പോൾ അത് ഭേദമാകാത്ത രോഗമായി മാറുമെന്നും, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട മലാല മുസ്ലീം ആയതുകൊണ്ടാണ് ബജ്‌രംഗ്ദൾ എതിർക്കുന്നതെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചു.

Related Articles

- Advertisement -spot_img

Latest Articles