ന്യൂഡൽഹി: എം.എസ്.സി ഫിസിക്സ് വിദ്യാർഥിയായ ഋഷികേശ് കാമ്പസ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ആറാം ദിവസവും പ്രതിഷേധം കടുപ്പിച്ച ഡൽഹി ഐ.ഐ.ടി വിദ്യാർഥികൾക്ക് നേരെ അച്ചടക്ക നടപടി ഭീഷണിയുമായി മാനേജ്മെന്റ്. സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഐ.ഐ.ടി ഡയറക്ടർ രംഗൻ ബാനർജി മുന്നറിയിപ്പ് നൽകി. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ.
പിതാവിന്റെ മരണത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന ഋഷികേശ്, സെമസ്റ്റർ ഡ്രോപ്പ് ചെയ്യാനും ഹോസ്റ്റൽ മുറി അനുവദിക്കാനും ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ അധികൃതർ അപമാനിച്ച് തിരിച്ചയച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികൾ ആരോപിക്കുന്നു. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തുക, കുറ്റക്കാരായ അധികൃതരെ ചുമതലകളിൽ നിന്ന് മാറ്റി നടപടിയെടുക്കുക, ഋഷികേശിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചിട്ടുള്ളത്. “ഡൽഹി ഐ.ഐ.ടി വിദ്യാർഥികൾ നീതി തേടുന്നു”, “ഞങ്ങൾ ഋഷികേഷിനൊപ്പം നിൽക്കുന്നു” തുടങ്ങിയ ബാനറുകളുയർത്തി വിദ്യാർഥി പ്രസ്ഥാനമായ സി.ജെ.പിയുടെ പിന്തുണയോടെയാണ് പ്രതിഷേധം നടക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഡൽഹി ഐ.ഐ.ടിയിൽ ജീവനൊടുക്കുന്ന എട്ടാമത്തെ വിദ്യാർഥിയാണ് ഋഷികേശ്. അതേസമയം വിദ്യാർഥികളുടെ സമരം ജീവനക്കാരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയെയും കാമ്പസിലെ സമാധാന അന്തരീക്ഷത്തെയും ബാധിക്കുന്നുവെന്നാണ് മാനേജ്മെന്റ് നൽകുന്ന വിശദീകരണം.



