തളിപ്പറമ്പിൽ പാർട്ടിക്ക് തെറ്റ് പറ്റി, ടി.കെ. ഗോവിന്ദൻ ‘തളിപ്പറമ്പിന്റെ ബ്രൂട്ടസ്’; കെ.കെ. രാഗേഷ്

കണ്ണൂർ: തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്ക് കനത്ത വീഴ്ച സംഭവിച്ചതായി തുറന്നുസമ്മിതിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കൂടെനിന്ന് പാർട്ടിയുടെ നെഞ്ചിലേക്ക് കഠാര കുത്തിയ ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിന്റെ ‘ബ്രൂട്ടസ്’ ആണെന്ന് രാഗേഷ് തുറന്നടിച്ചു. തളിപ്പറമ്പിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിശകലന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ മത്സരത്തിന് അനുയോജ്യനായ ആളെ തെരഞ്ഞെടുക്കുന്നതിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായും അക്കാര്യം തുറന്നുപറയാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടി.കെ. ഗോവിന്ദൻ ചതിയനും വർഗ്ഗവഞ്ചകനുമാണെന്നും പാർട്ടി പലഭാഗത്തുനിന്നും ആക്രമണം നേരിടുമ്പോൾ കൂട്ടത്തിലുള്ള ഒരാൾ തന്നെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

മണ്ഡലത്തിൽ എസ്.ഐ.ആർ നടപടികളുടെ ഭാഗമായി മുപ്പതിനായിരത്തോളം വോട്ടുകളുടെ വർദ്ധനവുണ്ടായിരുന്നുവെന്നും ഇതിൽ 80 ശതമാനത്തോളം വോട്ട് വർദ്ധിച്ചത് മുസ്ലിം ലീഗ് സ്വാധീന മേഖലകളിലാണെന്നും രാഗേഷ് ചൂണ്ടിക്കാട്ടി. ഇത്രയും ശക്തമായ മണ്ഡലത്തിൽ ആവശ്യമായ പ്രതിരോധശേഷി മുന്നിൽ കണ്ടുകൊണ്ട് സ്ഥാനാർത്ഥിയെ നിർണ്ണയിച്ചില്ല. നിരന്തരമായ ചർച്ചകൾക്കൊടുവിൽ തുടർച്ചയായി മത്സരിക്കാത്ത ഒരു വനിതാ സ്ഥാനാർത്ഥി വേണമെന്ന തീരുമാനപ്രകാരമാണ് ശ്യാമള ടീച്ചറെ നിർത്തിയത്. എന്നാൽ ആ തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോൾ തോന്നുംവിധമാണ് തിരിച്ചടിയുണ്ടായതെന്നും തളിപ്പറമ്പിലെ പോലെ മറ്റു പലയിടങ്ങളിലെയും തോൽവിക്ക് കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles