ഡെറാഡൂൺ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരായ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. സംഭവത്തിൽ ശുദ്ധീകരണ വിവാദം ഉയർത്തി രംഗത്തെത്തിയ രാഹുൽ ഗാന്ധിക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് കടുത്ത വിഷയദാരിദ്ര്യം നേരിടുകയാണെന്നും അനാവശ്യ പ്രശ്‌നങ്ങൾ ഉയർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഖാർഗെ പങ്കെടുത്ത ഹൽദ്വാനിയിലെ പരിപാടിക്ക് ശേഷം അവിടെ ശുദ്ധീകരണ ചടങ്ങ് നടത്തിയവരിൽ ബി.ജെ.പി പ്രവർത്തകരാരും ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മല്ലികാർജുൻ ഖാർഗെയുടെ ജാതി ഉത്തരാഖണ്ഡിലെ ആർക്കും അറിയില്ലെന്നും അതാർക്കും അറിയേണ്ട ആവശ്യവുമില്ലെന്നും ധാമി കൂട്ടിച്ചേർത്തു. അടൽ ബിഹാരി വാജ്‌പേയി, എൽ.കെ. അദ്വാനി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവാണ് ഖാർഗെ. പരിപാടിക്കിടെ ചിലർ മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും മാലിന്യം തള്ളുകയും ചെയ്തതാണ് പ്രാദേശിക മതസംഘടനകളെ പ്രകോപിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് അവർ നടത്തിയ ശുചീകരണ ചടങ്ങ് മാത്രമായിരുന്നു ശുദ്ധികലശമെന്ന് സർക്കാർ വിശദീകരിക്കുന്നു.
ഉത്തരാഖണ്ഡിൽ ജാതിവിവേചനമുണ്ടെന്ന് ആരും വിശ്വസിക്കില്ലെന്നും ‘എല്ലാവർക്കും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന തത്വത്തിലൂന്നിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ധാമി വ്യക്തമാക്കി. 2027-ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 8-ന് ഹൽദ്വാനിയിലെ രാംലീലാ മൈതാനിയിൽ നടന്ന കോൺഗ്രസ് റാലിക്ക് ശേഷമാണ് ഈ വിവാദങ്ങൾ ഉടലെടുത്തത്. ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണം നടത്തിയതിനെതിരെ കടുത്ത വിമർശനമുന്നയിച്ച കോൺഗ്രസ് നേതാക്കൾ, ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.



