തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ഐ.ജി കെ. സേതുരാമൻ സാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. അന്വേഷണ സംഘത്തിന് രൂപം നൽകിക്കൊണ്ടുള്ള ഫയൽ ഇതിനകം ആഭ്യന്തര വകുപ്പിന് കൈമാറി. മുതിർന്ന ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തട്ടിപ്പിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കേസിലെ പ്രധാന സ്പോൺസർമാരായ റിപ്പോർട്ട് ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ രൂപത്തിലല്ലാതെ 206 കോടി രൂപ എത്തിയതിൽ അന്വേഷണ സംഘം മുൻപ് വിശദീകരണം തേടിയിരുന്നു. ഇതിൽ ഒരു സ്ഥാപനം നൽകിയ മറുപടിയും, നികുതി ഇനത്തിൽ 22.68 കോടി രൂപ അടയ്ക്കാത്തതിലുണ്ടായ ഉദ്യോഗസ്ഥ വീഴ്ചകളും ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 19-ന് ആദ്യഘട്ട റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന് പുറമെ ജി.എസ്.ടി വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലും ശക്തമായ അന്വേഷണം നടക്കും. നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തട്ടിപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പോൺസർമാർ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് നിക്ഷേപ രേഖകളും സ്പോൺസർഷിപ്പ് കരാറുകളും ഇ.ഡി ശേഖരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് തുക വിദേശത്തേക്ക് കടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.



