പ്രളയത്തിൽ തകർന്ന ബാങ്കിൽനിന്ന് 51 കോടിയുടെ പണവും സ്വർണവും സാഹസികമായി വീണ്ടെടുത്ത് നേപ്പാൾ പോലീസ്

കാഠ്‌മണ്ഡു: പ്രളയത്തിൽ തകർന്ന ബാങ്ക് ശാഖയിൽനിന്ന് 51 കോടിയോളം രൂപ മൂല്യം വരുന്ന പണവും സ്വർണവും എട്ട് മണിക്കൂർ നീണ്ട സാഹസിക ദൗത്യത്തിനൊടുവിൽ നേപ്പാൾ പോലീസ് സുരക്ഷിതമായി പുറത്തെടുത്തു. ‘അഗ്രികൾച്ചർ ഡെവലപ്‌മെന്റ് ബാങ്കിന്റെ’ ത്രിശൂലി ധുങ്കെ ശാഖയിലാണ് പോലീസ് വിജയകരമായി രക്ഷാപ്രവർത്തനം നടത്തിയത്. പ്രളയത്തിൽ ബാങ്ക് കെട്ടിടം പൂർണ്ണമായി തകരുകയും ലോക്കറുകളും പ്രധാന രേഖകളും അപകടത്തിലാവുകയും ചെയ്തിരുന്നു. ലോക്കറുകളിലുണ്ടായിരുന്ന 50 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 1.5 കോടി നേപ്പാൾ രൂപയും സുപ്രധാന രേഖകളുമാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസ് വീണ്ടെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.

ഹിമാലയൻ മേഖലയിലുണ്ടായ ശക്തമായ പ്രളയത്തിലും മണ്ണിടിച്ചിലും ത്രിശൂലി നദീതീരത്ത് വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പ്രദേശത്തെ വിവിധ ഹൈഡ്രോ പവർ പദ്ധതികളിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായും ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ, മറ്റൊരു പ്രളയബാധിത പ്രദേശത്ത് ബാങ്ക് ലോക്കർ ഒലിച്ചുപോകുകയും നദിക്കരയിൽ അടിഞ്ഞ ലോക്കർ തകർത്ത് പണം കവർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ 29 പേരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 92.68 ലക്ഷം നേപ്പാൾ രൂപ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രളയബാധിത മേഖലകളിൽ തകർന്ന ബാങ്കുകളിലെ ആസ്തികൾ സുരക്ഷിതമായി മാറ്റാൻ പോലീസ് നടപടികൾ ഊർജ്ജിതമാക്കിയത്.

Related Articles

- Advertisement -spot_img

Latest Articles