വിവാഹത്തിന് മുൻപ് എച്ച്.ഐ.വി ടെസ്റ്റ് നടത്തണം: മാർത്തോമാ സഭ വൈദിക ട്രസ്റ്റിയുടെ പ്രസ്താവന വിവാദത്തിൽ

തിരുവനന്തപുരം: വിവാഹത്തിന് മുൻപ് മാർത്തോമാ സഭയിലെ യുവതീയുവാക്കൾക്ക് എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കണമെന്ന വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസിന്റെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തി. ആഗസ്റ്റ് 30-ന് തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിൽ നടന്ന കുടുംബസംഗമത്തിൽ പ്രസംഗിക്കവെയായിരുന്നു വൈദികന്റെ പരാമർശം. കർണാടക സർക്കാർ ക്യാമ്പസുകളിൽ എച്ച്.ഐ.വി പരിശോധന നടത്തുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സഭയിലെ വിവാഹങ്ങൾക്ക് മുൻപും ഇത്തരം ടെസ്റ്റുകൾ നടത്തണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഒരു പെൺകുട്ടിയെ മണവാട്ടിയാക്കി ദേവാലയത്തിൽ കൊണ്ടുവരുമ്പോൾ ആ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദികന്റെ പ്രസ്താവന സഭയ്ക്കുള്ളിലും പുറത്തും വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. നല്ല ഉദ്ദേശ്യത്തോടെയാണ് കാര്യങ്ങൾ പറഞ്ഞതെന്നും കുടുംബസംഗമത്തിൽ പങ്കെടുത്ത രക്ഷിതാക്കളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിലുള്ള ആരും വഴിതെറ്റിപ്പോകാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം സഭയ്ക്കുള്ളിൽ കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും റവ. ഡോ. കെ. തോമസ് അവകാശപ്പെട്ടു.

എന്നാൽ, സഭയിലെ യുവതീയുവാക്കളെ പരസ്യമായി അപമാനിക്കുന്ന പ്രസ്താവനയാണ് വൈദിക ട്രസ്റ്റിയിൽ നിന്നുണ്ടായതെന്ന് ആരോപിച്ച് സഭയിലെ ഒരുവിഭാഗം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. മാന്യമായി വളരുന്ന യുവജനങ്ങളെ അധിക്ഷേപിച്ച വൈദിക ട്രസ്റ്റി പരസ്യമായി മാപ്പുപറയണമെന്നും ഇയാൾക്കെതിരെ മാർത്തോമാ മെത്രാപ്പോലീത്ത അടിയന്തര നടപടിയെടുക്കണമെന്നും യുവജന പ്രതിനിധികൾ ആവശ്യപ്പെട്ടു. കർണാടകയിലെ കോളജ് വിദ്യാർത്ഥികളിൽ എച്ച്.ഐ.വി ബാധ ഉയർന്ന പശ്ചാത്തലത്തിൽ അവിടെ നിർബന്ധിത പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഈ ഉത്തരവ് മുൻനിർത്തിയായിരുന്നു വൈദികന്റെ വിവാദ പരാമർശം.

Related Articles

- Advertisement -spot_img

Latest Articles