തിരുവനന്തപുരം: തലസ്ഥാനത്ത് എസ്.എഫ്.ഐ നടത്തുന്ന സമരങ്ങൾക്കെതിരെയും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ടു ദിവസമായി എസ്.എഫ്.ഐ എന്തിനാണ് സമരം നടത്തുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, ഈ സമരത്തിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിത്തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലസ്ഥാനത്ത് നടന്ന പ്രകടനങ്ങൾക്കിടെ പോലീസിന് നേരെയുണ്ടായ അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
എ.സി.പിയുടെ കഴുത്തിന് കുത്തിപ്പിടിക്കുക, പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുക, അവരുടെ കയ്യിലിരിക്കുന്ന സുരക്ഷാ ഷീൽഡുകൾ പിടിച്ചെടുത്ത് അവരെത്തന്നെ അടിക്കുക തുടങ്ങിയ കടുത്ത അക്രമങ്ങളാണ് സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. പോലീസ് വളരെ സംയമനം പാലിച്ചതുകൊണ്ടാണ് വലിയ ദുരന്തങ്ങൾ ഒഴിവായത്. ഒരു എ.സി.പിയുടെ കൊങ്ങയ്ക്ക് കയറിപ്പിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല. പോലീസുകാരെ ആക്രമിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും നിയമപാലകരായ പോലീസ് ആരോടും അതിക്രമം കാണിക്കരുതെന്ന് സർക്കാരിന്റെ കർശന നിർദ്ദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നാടിന്റെ ആവശ്യമാണെന്നും വരുംതലമുറകളെ സംരക്ഷിക്കാനാണ് ഈ നടപടിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പല സ്ഥലങ്ങളിലും ലഹരി മാഫിയകൾ ആളുകളെ വിട്ട് പോലീസുകാരെ മർദ്ദിക്കാനും വാഹനം കയറ്റി കൊലപ്പെടുത്താനും ശ്രമിക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും ഇത്തരം ക്രിമിനൽ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി



