ഷാർജ: ഷാർജയിലെ ഫ്ലാറ്റിൽ കസാഖിസ്താൻ സ്വദേശികളായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ യുവാവിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. കസാഖിസ്താൻ സ്വദേശികളായ അക്ഷാൻ ബൊഖാനോവ (22), ഷുൽദീസ് ബൊഖാനോവ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ നാട്ടുകാരനായ യുവാവിനെയാണ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അതിവേഗ അന്വേഷണത്തിലൂടെ വലയിലാക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് 17 മുതൽ പെൺകുട്ടികളെക്കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കൾ നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലാറ്റിൽ നിന്ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ശാസ്ത്രീയ പരിശോധനകളും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിവരശേഖരണവും വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാൻ പോലീസിന് സാധിച്ചു. കൊല്ലപ്പെട്ട സഹോദരിമാരുമായി പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നെന്നും, ഇവർ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഷാർജ പോലീസ് സി.ഐ.ഡി ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഖലീഫ ബൽഹൂൽ വ്യക്തമാക്കി. തെളിവുകൾ സഹിതം ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
തുടർനടപടികൾ പൂർത്തിയാക്കിയ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൃത്യമായ ആസൂത്രണത്തിലൂടെയും ഫീൽഡ് തലത്തിലെ മികച്ച ഏകോപനത്തിലൂടെയും കേസ് അതിവേഗം തെളിയിച്ച അന്വേഷണ സംഘത്തെ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുള്ള മുബാറക് ബിൻ ആമിർ അഭിനന്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങളും ഊഹാപോഹങ്ങളും പങ്കുവെക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



