ന്യൂഡെൽഹി: ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിട്ട് എട്ട് വർഷം തികയുന്ന വേളയിൽ, സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്ന് വ്യക്തമാക്കി മക്കളായ ആകാശി ഭട്ടും ശന്തനു ഭട്ടും. പിതാവിന്റെ സത്യസന്ധമായ ശബ്ദത്തെ നിശ്ശബ്ദമാക്കാനും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം കവരാനും ഭരണകൂടം ശ്രമിച്ചിട്ട് എട്ട് വർഷങ്ങൾ പൂർത്തിയാകുകയാണെന്ന് ഇരുവരും പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 2018 സെപ്റ്റംബർ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ കേസുകൾ ചുമത്തിയും അസത്യങ്ങൾ നിർമ്മിച്ചുമാണ് അദ്ദേഹത്തെ തടവിലാക്കിയതെന്ന് മക്കൾ ആരോപിച്ചു.
സ്വന്തം മനസ്സാക്ഷിയെ അടിയറവ് വെച്ച് സുരക്ഷിതമായ നിശ്ശബ്ദത തിരഞ്ഞെടുക്കണമോ എന്ന് തീരുമാനിക്കേണ്ട ചില നിർണ്ണായക സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. അധികാരത്തിന് മുന്നിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ ഭരണാധികാരികൾ അനുവദിക്കാതിരുന്ന കാലത്ത്, അതിനെതിരെ ധീരമായി നെഞ്ചുവിരിച്ചു നിലകൊള്ളുക എന്നാൽ എന്താണെന്ന് തങ്ങൾ പഠിച്ചത് പിതാവിൽ നിന്നാണെന്ന് അവർ ഓർമ്മിപ്പിച്ചു. അധികാര ദുർവിനിയോഗത്തിലൂടെ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചവരെ ചരിത്രം മറന്നേക്കാം, എന്നാൽ സുഖസൗകര്യങ്ങൾക്കും ആത്മരക്ഷയ്ക്കും ഉപരിയായി മനസ്സാക്ഷിയെയും സത്യത്തെയും തത്വങ്ങളെയും മുറുകെപ്പിടിച്ച വ്യക്തിയായി പിതാവ് എന്നും ഓർമ്മിക്കപ്പെടുമെന്നും അവർ വ്യക്തമാക്കി.
അനീതിക്കും ഭരണകൂട വേട്ടയാടലിനുമെതിരെയുള്ള ഈ പോരാട്ടത്തിൽ സഞ്ജീവ് ഭട്ട് ഒരിക്കലും ഒറ്റയ്ക്കല്ലെന്നും, പതിനായിരക്കണക്കിന് മനുഷ്യരുടെ പിന്തുണയോടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും മക്കൾ കൂട്ടിച്ചേർത്തു.



