ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ എണ്ണക്കപ്പലിന് നേരെ മിസൈലാക്രമണം; കപ്പൽ ഒഴിപ്പിച്ചു

ടെഹ്‌റാൻ: പേർഷ്യൻ ഉൾക്കടലിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ എണ്ണക്കപ്പലിന് നേരെ മിസൈലാക്രമണം നടന്നു. ഖാർഗ് ദ്വീപിൽ നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന ചെറിയ എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സേനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്റെ തസ്‌നിം, എസ്.എൻ.എൻ വാർത്താ ഏജൻസികൾ ആരോപിച്ചു. ആക്രമണത്തിൽ നാല് മിസൈലുകൾ കപ്പലിൽ പതിച്ചതായും മേഖലയിൽ വൻ സ്ഫോടനശബ്ദങ്ങൾ ഉയർന്നതായും പ്രാദേശിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.

അപകടത്തെ തുടർന്ന് കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെയും പ്രത്യാഘാതങ്ങളുടെയും വ്യാപ്തി ഇറാന്റെ ഔദ്യോഗിക ഏജൻസികൾ പരിശോധിച്ച് വരികയാണ്. മേഖലയിൽ യു.എസ്-ഇറാൻ സംഘർഷങ്ങൾ രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിന് തൊട്ടടുത്ത് വച്ച് എണ്ണക്കപ്പൽ ആക്രമിക്കപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles