ലഖ്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലാ മജിസ്‌ട്രേറ്റ് (കലക്ടറേറ്റ്) ഓഫീസ് വളപ്പിലുണ്ടായിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി പുലർച്ചെ അഞ്ചുമണിക്ക് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തിൽ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധം ആളിക്കത്തുന്നു. നടപടിയെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും രംഗത്തെത്തിയതോടെ വിഷയം ദേശീയതലത്തിൽ തന്നെ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നു. 1911 മുതലുള്ള രേഖകളുള്ള ആരാധനാലയമാണ് തകർത്തതെന്നും, നിയമപരമായ ഉയർന്ന വേദികളിലേക്ക് അപ്പീൽ നൽകാൻ പോലും അവസരം നൽകാതെയാണ് ഭരണകൂടം പള്ളി പൊളിച്ചതെന്നും മുസ്‌ലിം സംഘടനകൾ ചൂണ്ടിക്കാട്ടി.
മറ്റു മതങ്ങളെ ബഹുമാനിക്കാത്തവർക്കോ, മറ്റുള്ളവരുടെ വിശ്വാസങ്ങൾ വെച്ച് കളിക്കുന്നവർക്കോ ഒരിക്കലും ഒരു സനാതനിയാകാൻ കഴിയില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു. സൗഹാർദ്ദം നിലനിർത്തുക എന്നതാണ് ഒരു സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമെന്നിരിക്കെ, വിഷയം മനപ്പൂർവം വർഗീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സഹാറൻപൂരിലേത് ഉൾപ്പെടെ സംസ്ഥാനത്ത് ദിവസേനയെന്നോണം പള്ളികൾ ധൃതിപിടിച്ച് അനധികൃതമെന്ന് പ്രഖ്യാപിച്ച് പൊളിച്ചുനീക്കുന്ന സർക്കാരിന്റെ നടപടി ശരിയല്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കി. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ സംരക്ഷിക്കാൻ ഭരണഘടനാപരമായ മതേതര സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും, ഇത്തരം പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കാൻ ബുൾഡോസർ നടപടികൾ ഉടനടി നിർത്തിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവസ്ഥലം സന്ദർശിക്കാൻ ഒരുങ്ങിയ സമാജ്‌വാദി പാർട്ടി എം.പി ഇഖ്‌റ ഹസനെ പോലീസ് കൈരാനയിലെ വസതിയിൽ വീട്ടുതടങ്കലിലാക്കിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും കോൺഗ്രസ് പ്രാദേശിക നേതൃത്വവും അതിരൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം കനത്തതോടെ സഹാറൻപൂരിലും പടിഞ്ഞാറൻ യുപിയിലെ മറ്റ് തന്ത്രപ്രധാന മേഖലകളിലും റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കി. കലക്ടറേറ്റ് పరిസരത്തേക്കുള്ള ഗതാഗതം പൂർണമായി തടയുകയും സോഷ്യൽ മീഡിയ നിരീക്ഷണം കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.



