ചിറയിൻകീഴ് കൈയാങ്കളി: സംഭവത്തിൽ പാർട്ടിതല അന്വേഷണത്തിന് എം.എം. ഹസൻ; കെ.പി.സി.സി അധ്യക്ഷൻ

കോഴിക്കോട്: തിരുവനന്തപുരം ചിറയിൻകീഴിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളും രമ്യ ഹരിദാസ് എം.എൽ.എയും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിലും കൈയാങ്കളിയിലും പാർട്ടിതല അന്വേഷണം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയം അന്വേഷിക്കുന്നതിനായി മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അച്ചടക്കലംഘനം നടത്തിയവർക്കെതിരെ കർശനമായ സംഘടനാപരമായ നടപടിയുണ്ടാകുമെന്നും നാളെ തന്നെ അന്വേഷണം ആരംഭിക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അറിയാനിടയായതിന് പിന്നാലെ പ്രമുഖ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തെ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. മുൻ അധ്യക്ഷൻ എം.എം. ഹസൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ എന്നിവരുമായി ഫോണിൽ സംസാരിച്ച് നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചതായും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുടെയും പരാതികളിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രാദേശിക നേതാക്കൾ ചായ കുടിക്കാൻ ക്ഷണിച്ച് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് രമ്യ ഹരിദാസ് എം.എൽ.എയുടെ ആരോപണം. എന്നാൽ എം.എൽ.എയും സംഘവും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മകളെക്കൊണ്ട് നിർബന്ധിച്ച് സോഷ്യൽ മീഡിയ കുറിപ്പ് വായിപ്പിക്കുകയും ചെയ്തതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ സജാദും പങ്കാളിയും ആരോപിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഔദ്യോഗിക യോഗത്തിൽ എം.എൽ.എയുടെ പി.എ പങ്കെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. സജാദിന്റെ പരാതിയിൽ രമ്യ ഹരിദാസ് ഉൾപ്പെടെയുള്ളവർക്കെതിരെയും, എം.എൽ.എയുടെ പരാതിയിൽ ഏഴ് പാർട്ടി ഭാരവാഹികൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles