മലപ്പുറം: ദേശീയപാത ആറുവരിപ്പാതയിൽ കോഴിക്കോട്-മലപ്പുറം അതിർത്തിയായ ഇടിമൂഴിക്കൽ നിസരി ജങ്ഷന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിലെ കൂമണ്ണ സ്വദേശികളായ കെ.ടി. ജംഷീർ, കാട്ടീരി ഹാരിസ് എന്നിവരാണ് മരിച്ചത്. തെറ്റായ ദിശയിൽ യൂട്ടേൺ എടുത്തു വന്ന ലോറിയിൽ കാർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലർച്ചെ 2:45 ഓടെയായിരുന്നു സംഭവം.
കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറി ഇടിമൂഴിക്കലിൽ സർവീസ് റോഡിലേക്ക് പോകാനുള്ള എക്സിറ്റ് പിന്നിട്ട ശേഷം യൂട്ടേൺ എടുത്ത് തെറ്റായ ദിശയിലൂടെ തിരികെ എക്സിറ്റിലേക്ക് വരികയായിരുന്നു. ഈ സമയം കോഴിക്കോട് ഭാഗത്തുനിന്നും അഞ്ച് യുവാക്കളുമായി എത്തിയ കാർ തെറ്റായ ദിശയിൽ മുന്നിലെത്തിയ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെയും മരണപ്പെട്ടവരുടെ മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ തേഞ്ഞിപ്പാലം, ഫറോക്ക് പോലീസും ഹൈവേ പോലീസും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.



