‘യു.എസ് ഊർജ്ജ കമ്പനികൾ സൈനിക ലക്ഷ്യം’: എണ്ണക്കപ്പൽ ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ തുടർന്നാൽ, മേഖലയിലെ അമേരിക്കൻ ഊർജ്ജ കമ്പനികളെയും അനുബന്ധ സ്ഥാപനങ്ങളെയും നിയമപരമായ സൈനിക ലക്ഷ്യങ്ങളായി കണക്കാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ഇറാന്റെ മൂന്ന് പ്രമുഖ ക്രൂഡ് ഓയിൽ ടാങ്കറുകൾ അമേരിക്കൻ സൈന്യം ആക്രമിച്ചു തകർത്തതിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നയം വ്യക്തമാക്കിയത്.

ഇറാനിയൻ എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് യു.എസ് സെൻട്രൽ കമാൻഡ് നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നാവിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ സാമ്പത്തിക-ഊർജ്ജ മേഖലകളെ തകർക്കാൻ അമേരിക്ക ശ്രമിച്ചാൽ, പശ്ചിമേഷ്യൻ മേഖലയിൽ പ്രവർത്തിക്കുന്ന യു.എസ് ഊർജ്ജ-എണ്ണ കമ്പനികൾക്കും കപ്പലുകൾക്കും നേരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി.

അതേസമയം, യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈലാക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഇറാന്റെ എണ്ണക്കപ്പലുകൾ തകർത്തതെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ വാദം. സംഭവത്തെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ഇന്ധന ഗതാഗതം കൂടുതൽ ഭീതിയിലാവുകയും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles