ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം: ബിഗ് ടിവി അവതാരക അപർണ കുറുപ്പിനെതിരെ കേസ്

കൊച്ചി: ബിഗ് ടിവിയിലെ ‘ബിഗ് ഡയലോഗ്’ പരിപാടിയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ ചാനലിന്റെ സീനിയർ കോർഡിനേറ്റിങ് എഡിറ്ററും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു. കാസർഗോഡ് സ്വദേശി അബ്ദുൽ ഹകീം നൽകിയ പരാതിയിലാണ് നടപടി. ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന ആസ്പദമാക്കി നടത്തിയ ചർച്ചയിൽ അപർണ കുറുപ്പ് മുസ്‌ലിം വിരുദ്ധവും വംശീയവുമായ നിലപാടുകൾ സ്വീകരിച്ചുവെന്നാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 192, 299, 302, 351(1) വകുപ്പുകളും കേരള പോലീസ് ആക്ടിലെ 120 (o) വകുപ്പും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ അവതാരകയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ വിമർശനവും ജനരോഷവും ഉയർന്നിരുന്നു. അതേസമയം, ചർച്ചയ്ക്ക് ശേഷം തനിക്ക് വധഭീഷണിയും രൂക്ഷമായ അധിക്ഷേപവും നേരിടേണ്ടി വന്നതായി അപർണ നൽകിയ പരാതിയിൽ, വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കി പോലീസ് മുമ്പ് കേസെടുത്തിരുന്നു. ചർച്ചയിലെ വസ്തുതകൾ തെറ്റായി പ്രചരിപ്പിച്ചുവെന്നും ദേഹോപദ്രവം ഏൽപ്പിക്കാൻ ആഹ്വാനം ചെയ്തുവെന്നും കാണിച്ച് ബി.എൻ.എസ് 192, 351 (1), 353, 3(5), ഐ.ടി ആക്ടിലെ 67 എന്നീ വകുപ്പുകൾ ചുമത്തിയാണ് ബാസിലിനെതിരെ എഫ്.ഐ.ആർ ഇട്ടിരുന്നത്.

എന്നാൽ, വിവാദ പരാമർശം നടത്തിയ അവതാരകയ്‌ക്കെതിരെ കേസെടുക്കാതെ ചർച്ചയിൽ പങ്കെടുത്ത വ്യക്തിക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് പ്രമുഖ സംഘടനകളും എം.എൽ.എമാരായ പി.കെ. ഫിറോസ്, നജീബ് കാന്തപുരം, അഡ്വ. ഷിബു മീരാൻ, റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. ജനരോഷവും രാഷ്ട്രീയ പ്രതിഷേധവും കടുത്തതോടെ അബ്ദുല്ല ബാസിലിനെതിരായ കേസിലെ തുടർനടപടികൾ പോലീസ് നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles