കുംഭമേളയ്‌ക്ക് റോഡ് വീതികൂട്ടണം: ഉജ്ജെയ്ൻ ഷാഹി മസ്ജിദ് പൊളിക്കാൻ മധ്യപ്രദേശ് ഹൈക്കോടതി അനുമതി

ഇൻഡോർ: മധ്യപ്രദേശിലെ ഉജ്ജെയ്‌നിലുള്ള ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദ് കോംപ്ലക്സിലെ പ്രാർത്ഥനാ ഹാൾ പൊളിച്ചുനീക്കാനുള്ള ഭരണകൂട നടപടി ശരിവെച്ച് മധ്യപ്രദേശ് ഹൈക്കോടതി. 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി നഗരത്തിലെ റോഡ് വീതി കൂട്ടുന്നതിന് ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാനുള്ള ഉജ്ജൈൻ മുൻസിപ്പൽ കോർപ്പറേഷന്റെ തീരുമാന ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജികൾ ഹൈക്കോടതി തള്ളി.

കോടിക്കണക്കിന് ഭക്തരെത്തുന്ന കുംഭമേളയുടെ ഭാഗമായി പൊതുസുരക്ഷയും സുഗമമായ ഗതാഗത നിയന്ത്രണവും ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മഹാകാലേശ്വര ക്ഷേത്രത്തിനും ക്ഷിപ്ര നദിക്കും സമീപമുള്ള പ്രദേശത്ത് റോഡിന്റെ വീതി 15 മീറ്ററായി ഉയർത്താൻ മുൻസിപ്പാലിറ്റി സ്വീകരിച്ച നടപടികൾ നിയമപ്രകാരമാണെന്ന് കോടതി വ്യക്തമാക്കി. പള്ളിയുടെ പ്രാർത്ഥനാ ഹാൾ നിർമ്മിച്ചിരിക്കുന്നത് പൊതുസ്ഥലത്താണെന്നും അത് അനധികൃത നിർമ്മാണമാണെന്നുമുള്ള മുൻസിപ്പൽ കോർപ്പറേഷന്റെ വാദം കോടതി അംഗീകരിച്ചു.

അതേസമയം, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രസ്മാരകമായ പള്ളി തകർക്കുന്നത് പൗരന്മാരുടെ ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മസ്ജിദ് കമ്മിറ്റി കോടതിയിൽ വാദിച്ചു. പള്ളി സ്ഥിതി ചെയ്യുന്ന ഭൂമി വഖഫ് സ്വത്താണെന്നും മറ്റ് ബദൽ റൂട്ടുകൾ പരിഗണിക്കാതെയാണ് പൊളിച്ചുമാറ്റലിലേക്ക് ഭരണകൂടം കടന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് പുറത്തുവന്ന പശ്ചാത്തലത്തിൽ, നഗരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉജ്ജെയ്‌നിലും സമീപപ്രദേശങ്ങളിലും പോലീസ് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles