ദോഹ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സുരക്ഷാ ആശങ്കകളും രൂക്ഷമാകുന്നതിനിടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ ശക്തമാക്കി ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനി, സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിയുമായും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബർ അൽ അഹ്മദ് അൽ സബാഹുമായും ടെലിഫോണിലൂടെ പ്രത്യേക ചർച്ച നടത്തി.
സൗദി വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അവലോകനം ചെയ്തു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് സംയുക്ത നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കാനും സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്തി ദീർഘകാല സമാധാനത്തിനായി ധാരണയിലെത്താനും ഖത്തർ പൂർണ്ണ പിന്തുണ അറിയിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും മേഖലയുടെ സുരക്ഷിതത്വവും സമാധാന അന്തരീക്ഷവും വീണ്ടെടുക്കാനുള്ള ഏകോപന നടപടികൾ ചർച്ചയായി.
സൗദിയുടെ പ്രധാന എണ്ണ പൈപ്പ്ലൈനിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചതും യമനിലെ ഹൂതികൾ തന്ത്രപ്രധാനമായ പെരിം ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുത്തതും ഉൾപ്പെടെയുള്ള നിർണ്ണായക സംഭവവികാസങ്ങളാണ് നിലവിൽ പശ്ചിമേഷ്യയെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ ഘട്ടത്തിൽ ഖത്തർ മുൻകൈയെടുത്തു നടത്തുന്ന ഇടപെടലുകൾ മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിന് നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



