ഹഫർ അൽ ബാത്തീൻ ലുലുവിൽ ഒ.ഐ.സി.സി നോർക്ക ഹെൽപ് ഡെസ്ക് സംഘടിപ്പിച്ചു

ഹഫർ അൽ ബാത്തീൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തീൻ ലുലു ഹൈപ്പർമാർക്കറ്റിൽ ഒ.ഐ.സി.സി (OICC) ഹഫർ അൽ ബാത്തീൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക നോർക്ക ഹെൽപ് ഡെസ്ക് സംഘടിപ്പിച്ചു. പ്രവാസികൾക്ക് നോർക്ക രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ഹെൽപ് ഡെസ്ക് പ്രവർത്തിച്ചത്.

നോർക്ക കാർഡ് രജിസ്ട്രേഷന്റെ പ്രാധാന്യം, അത് വഴി പ്രവാസികൾക്കും കുടുംബങ്ങൾക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ബോധവൽക്കരണം ചടങ്ങിൽ നടന്നു. കൂടാതെ, പ്രവാസികൾക്കായി നടപ്പിലാക്കിയ ‘നോർക്ക കെയർ പ്ലസ്’ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സവിശേഷതകളും അതിൽ അംഗങ്ങളാകേണ്ട നടപടിക്രമങ്ങളും പ്രവാസികൾക്ക് നൽകി. ഹെൽപ് ഡെസ്ക് സൗകര്യം പ്രയോജനപ്പെടുത്തി നിരവധി പ്രവാസികൾ നോർക്ക അംഗത്വത്തിനും ഇൻഷുറൻസ് പദ്ധതികൾക്കുമായി രജിസ്റ്റർ ചെയ്തു.

ഒ.ഐ.സി.സി നേതാക്കളായ വിബിൻ മറ്റത്ത്, സൈഫുദ്ധീൻ പള്ളിമുക്ക്, സലീം കീരിക്കാട്, അനൂപ് പ്രഭാകരൻ, ജിതേഷ് തെരുവത്ത്, ഷബ്‌നാസ് കണ്ണൂർ, സമദ് കരുനാഗപ്പള്ളി, രതീഷ് ചിറക്കൽ, മുഹമ്മദ്‌ അസ്‌ലാം, നൗഷാദ് പൂഴിക്കാട് എന്നിവർ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി കൂടുതൽ സേവന പരിപാടികൾ ഒ.ഐ.സി.സി ഹഫർ അൽ ബാത്തീൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles