റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അൽ നസീമിൽ മലയാളി യുവാക്കൾ താമസിക്കുന്ന ഫ്ലാറ്റിൽ ആയുധങ്ങളുമായി അതിക്രമിച്ചുകയറി താമസക്കാരെ മർദ്ദിച്ച് വൻ കവർച്ച നടത്തി. കഴിഞ്ഞ ദിവസം പുലർച്ചെ 2:30-ഓടെയാണ് സംഭവം. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പാലക്കാട് പട്ടാമ്പി സ്വദേശി ഇസ്മായിൽ, ചങ്ങരംകുളം സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ, ഹാരിസ് എന്നിവരെയാണ് അക്രമികൾ കെട്ടിയിട്ട് കമ്പിപ്പാരയും കത്തിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് അവശരാക്കിയത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മുറിയിലേക്ക് പാകിസ്താൻ, അറബ് വംശജരടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് അതിക്രമിച്ചു കയറിയത്. തുടര്ന്ന് താമസക്കാരെ മർദ്ദിച്ച് അവശരാക്കിയ ശേഷം ഫ്ലാറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കുത്തിത്തുറന്ന് ആറ് ലക്ഷം റിയാൽ വിലവരുന്ന സിഗരറ്റ് പാക്കറ്റുകളും മൂന്ന് ലക്ഷം റിയാൽ പണവും കവർന്നു. കൂടാതെ ഫ്ലാറ്റിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ശിഹാബിന്റെ 40,000 റിയാലും, ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും സംഘം കവർന്നു. നിർത്തിയിട്ടിരുന്ന ഒരു ടൊയോട്ട ഹൈസ് വാനും കൊറോള കാറും കടത്തിക്കൊണ്ടുപോയതിൽ മൊത്തം 10 ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.25 കോടിയോളം ഇന്ത്യൻ രൂപ) നഷ്ടമാണ് കണക്കാക്കുന്നത്.
കവർച്ച ചെയ്യപ്പെട്ട വാഹനങ്ങൾ പിന്നീട് ജി.പി.എസ് (GPS) ട്രാക്കിംഗ് സംവിധാനം ഉപയോഗിച്ച് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ റിയാദ് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. പരിക്കേറ്റ മലയാളികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ശംസീർ, ഹാരിസ് എന്നിവർ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. വിദേശികൾ അടങ്ങുന്ന സായുധ സംഘങ്ങൾ നടത്തുന്ന ഇത്തരം കവർച്ചകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ ഇർഷാദ് കായക്കൂൽ അഭ്യർത്ഥിച്ചു.



