കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായുള്ള ആത്മബന്ധം പുതുക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം മർകസ് സെൻട്രൽ കാമ്പസിലെത്തി. വൈകീട്ട് അഞ്ച് മണിയോടെ ഔദ്യോഗിക വിമാനത്തിൽ കരിപ്പൂരിലിറങ്ങിയ പ്രധാനമന്ത്രിയെ മന്ത്രി ടി. സിദ്ദീഖ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ ടി.വി. ഇബ്‌റാഹീം, അഷ്‌റഫലി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടർന്ന് വൈകീട്ട് 5:50-ഓടെയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹം മർകസ് കോമ്പൗണ്ടിലേക്ക് പ്രവേശിച്ചത്. നയതന്ത്ര പ്രതിനിധി സംഘത്തോടൊപ്പം എത്തിയ അദ്ദേഹത്തെ മർകസ് ഡയറക്ടർ ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി, മാനേജർ സി. മുഹമ്മദ് ഫൈസി, ചാലിയം കരീം ഹാജി, കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് മർകസിന്റെ ദിവാൻ ഓഫീസിലേക്ക് ആനയിച്ച അൻവർ ഇബ്‌റാഹീം ‘യാ ശൈഖ്…’ എന്ന് അഭിസംബോധന ചെയ്ത് കാന്തപുരത്തെ ആലിംഗനം ചെയ്തു. വിശുദ്ധ ഖുർആന്റെ മലബാരി പതിപ്പും തേക്ക് തടിയിൽ നിർമ്മിച്ച പ്രത്യേക ആദര പുരസ്കാരവും കാന്തപുരത്തിന്റെ ഇംഗ്ലീഷ് ആത്മകഥയായ ‘വൺ ടൈം, വൺ ലൈഫ്’ എന്ന ഗ്രന്ഥവും അദ്ദേഹത്തിന് സമ്മാനിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവാൻ ഓഫീസിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല നയതന്ത്ര-വാണിജ്യ ബന്ധങ്ങൾക്ക് പുറമെ സാർവദേശീയ മതകാര്യ വിഷയങ്ങളും ചർച്ചയായി. തുടർന്ന് മർകസ് സെൻട്രൽ കൺവെൻഷൻ സെന്ററിൽ നൽകിയ ഔദ്യോഗിക സ്വീകരണത്തിലും വിരുന്നിലും പങ്കെടുത്ത അദ്ദേഹം, ശേഷം ഗ്രാൻഡ് മുഫ്തിക്കൊപ്പം പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം. വലിയുല്ലാഹി മഖാം സന്ദർശനത്തിനായി പുറപ്പെട്ടു. സൗഹൃദത്തിന്റെയും ആത്മീയ-നയതന്ത്ര ബന്ധങ്ങളുടെയും പുതിയൊരു അധ്യായത്തിനാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ ഈ മർകസ് സന്ദർശനം സാക്ഷ്യം വഹിച്ചത്.



