തുടർച്ചയായ ഭരണാധികാരം നേതാക്കളെ അലസരാക്കി; സി.പി.എം കരടുരേഖയിൽ രൂക്ഷവിമർശനം

കോഴിക്കോട്: തുടർച്ചയായി പത്തു വർഷം സംസ്ഥാനത്ത് അധികാരത്തിലിരുന്നത് പാർട്ടി നേതാക്കളെ അലസരും അഹങ്കാരികളുമാക്കിയെന്ന് സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയിൽ സമർപ്പിച്ച കരടുരേഖയിൽ സ്വയംവിമർശനം. കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങളുടെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളിലെ പോരായ്മകളെക്കുറിച്ച് അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

സംസ്ഥാന, ജില്ലാ സമിതി അംഗങ്ങളുടെ പ്രവർത്തനം തികച്ചും നിർജ്ജീവമാണെന്നും പാർട്ടി യോഗങ്ങളിൽ ചടങ്ങിന് പങ്കെടുക്കുക എന്നതിലേക്ക് മാത്രമായി നേതാക്കളുടെ ഇടപെടലുകൾ ഒതുങ്ങിയെന്നും കരടുരേഖ കുറ്റപ്പെടുത്തുന്നു. കീഴ്ഘടകങ്ങളെയും ജില്ലാ കമ്മിറ്റികളെയും സക്രിയമാക്കുന്നതിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പരാജയപ്പെട്ടതും പാർട്ടിയിൽ അംഗത്വം ഉപേക്ഷിക്കുന്ന സാഹചര്യം വർധിച്ചതും ഗൗരവത്തോടെയാണ് രേഖ കാണുന്നത്. പാർട്ടിയുടെ ആശയങ്ങളും നയങ്ങളും ജനങ്ങളിൽ ശരിയായ രീതിയിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം പാളിച്ചകൾ സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കങ്ങൾ സി.പി.എമ്മിനെ ദുർബലപ്പെടുത്താനുള്ള രാഷ്‌ട്രീയ ശ്രമങ്ങളുടെ ഭാഗമാണെന്ന് കരടുരേഖ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഭൂരിപക്ഷ വർഗീയതയോട് സി.പി.എം മൃദുസമീപനം പുലർത്തുന്നുവെന്ന വ്യാജ പ്രചാരണം തടയാൻ പാർട്ടിക്ക് സാധിച്ചില്ല. ‘സി.പി.എം-ബി.ജെ.പി ഡീൽ’ ആരോപണത്തെ ഗൗരവത്തോടെ പ്രതിരോധിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടത് യു.ഡി.എഫ് രാഷ്ട്രീയമായി മുതലെടുക്കുകയും ഇടതുപക്ഷത്തെ എന്നും പിന്തുണച്ച ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ ആശങ്ക ഉളവാക്കുകയും ചെയ്തു. ഇതിന് പുറമെ ആഗോള അയ്യപ്പസംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം പാർട്ടി സെക്രട്ടേറിയറ്റ് അംഗം തന്നെ വായിച്ചത് ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകിയതെന്നും കരടുരേഖയിൽ വ്യക്തമാക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles