ടെഹ്റാൻ: ഫെബ്രുവരിയിൽ ഇറാനെതിരെ ആരംഭിച്ച ആക്രമണത്തിൽ സാധാരണക്കാരെ കൊന്നൊടുക്കിയ അമേരിക്കയും ഇസ്രായേലും ഗുരുതരമായ യുദ്ധക്കുറ്റങ്ങളാണ് ചെയ്തതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി. വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, കളിക്കളത്തിൽ കൊല്ലപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ള നിരപരാധികളായ ഇറാനിയൻ പൗരന്മാരുടെ പേരുകൾ പരാമർശിച്ച അദ്ദേഹം, “അമേരിക്കൻ-സീയോണിസ്റ്റ് ശത്രുക്കൾ” നിരോധിത ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചുവെന്നും ഇത് സർവ്വ മാനവിക മൂല്യങ്ങളുടെയും ലംഘനമാണെന്നും കുറ്റപ്പെടുത്തി.
യെമനിലെ ആഭ്യന്തര വിഷയങ്ങളിൽ ഇറാൻ ഇടപെടുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അവിടെ നടക്കുന്ന സംഭവങ്ങളുമായി ഇറാന് യാതൊരു ബന്ധവുമില്ലെന്നും പ്രദേശത്തെ രാജ്യങ്ങളും ഇറാനും തമ്മിൽ ഭിന്നതയുണ്ടാക്കാൻ പല ശക്തികളും ഇത് മുതലെടുക്കുകയാണെന്നും ബഗായി പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ കാര്യക്ഷമമായ മേൽനോട്ടത്തിനായി ഇറാനും ഒമാനും സംയുക്തമായി കൈക്കൊണ്ട തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിനായി മസ്കറ്റിൽ ഗൾഫ് പ്രതിനിധികളുമായി നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച യെമനിലെ അടിയന്തര സാഹചര്യങ്ങൾ മൂലമാണ് റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ യെമൻ പ്രതിസന്ധിക്ക് സൈനിക പരിഹാരമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയും പ്രതികരിച്ചു.
ഇറാന്റെ ‘പിക്ക്ആക്സ് മൗണ്ടൻ’ കേന്ദ്രത്തിൽ ആണവ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബഗായി തള്ളി. വാഷിംഗ്ടൺ നടത്തുന്ന മാധ്യമ-മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിൽ വംശഹത്യ നടത്തുന്ന കുറ്റവാളികളുമായി ചേർന്ന് സ്വതന്ത്ര പരമാധികാര രാജ്യമായ ഇറാനെ ആക്രമിച്ച യു.എസ് നിലപാടിൽ പ്രതിഷേധിച്ച് അവരുടെ സഖ്യകക്ഷികളും ബ്രിക്സ് രാജ്യങ്ങളും ഇന്ന് അമേരിക്കയുടെ ഏകധ്രുവ അധിപത്യത്തിനെതിരെ ശബ്ദമുയർത്തുകയാണെന്നും ഇറാന് മേൽ ഒറ്റപ്പെടൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ബഗായി വ്യക്തമാക്കി.



