മംഗളൂരു: കർണാടകയിലെ ചാമരാജനഗർ താലൂക്കിലെ ബഡഗലപുരയിൽ വയലിൽ പുല്ല് വെട്ടുന്നതിനിടെ കർഷകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബഡഗലപുര സ്വദേശിയായ ബസവണ്ണ (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
പുല്ല് വെട്ടാനായി വയലിലേക്ക് പോയ ബസവണ്ണ ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കടുവ ഭാഗികമായി ഭക്ഷിച്ച നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ജനവാസ മേഖലയ്ക്ക് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്.
സംഭവത്തെ തുടർന്ന് ബിലിഗിരി രംഗനാഥ സ്വാമി ക്ഷേത്ര (BRT) കടുവ സംരക്ഷണ കേന്ദ്രത്തിലെ വനപാലകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രദേശത്ത് കടുവാ ഭീതി നിലനിൽക്കുന്നതിനാൽ കാവലും പരിശോധനയും ശക്തമാക്കണമെന്നും ഭീതി പരത്തുന്ന കടുവയെ ഉടൻ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



