തിരുവനന്തപുരം: സംസ്ഥാനത്ത് വൻതോതിൽ നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻ.ടി.പി.സി) നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ അധിക വൈദ്യുതി വാങ്ങാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ അടിയന്തര നടപടി സ്വീകരിച്ചത്.
അതിനിടെ, കേന്ദ്ര സർക്കാരിന് സംസ്ഥാനം നൽകിയ കത്തിനെ തുടർന്ന് പ്രതിദിനം 150 മെഗാവാട്ട് കേന്ദ്രവിഹിതം അധികമായി ലഭിച്ചത് കെ.എസ്.ഇ.ബിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. ഡിസംബർ വരെ യൂണിറ്റിന് ആറു രൂപയിൽ താഴെ നിരക്കിൽ ഈ കേന്ദ്രവിഹിതം ലഭ്യമാകുമെങ്കിലും നിലവിലെ വൻ ക്ഷാമം പരിഹരിക്കാൻ ഇത് പര്യാപ്തമല്ല. മധ്യപ്രദേശിൽ നിന്ന് ബാങ്കിംഗ് കരാർ വഴി ലഭ്യമാകേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതെ വന്നതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈകിട്ട് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വൻവില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി തേടിയും ഇതിനായി സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ടും കെ.എസ്.ഇ.ബി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. പ്രതിസന്ധി നേരിടാൻ ബദൽ മാർഗ്ഗങ്ങൾ തേടി കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് അംഗങ്ങളായ സിസ്റ്റം ഓപ്പറേഷൻസ് ഡയറക്ടർ പി. ശിവദാസ്, ഫിനാൻസ് ഡയറക്ടർ ആർ. ബിജു എന്നിവർ ഉത്തരേന്ത്യയിലെ മിച്ച വൈദ്യുതി സംസ്ഥാനങ്ങളിലേക്ക് തിരിച്ചു. ഇവർ വിവിധ സ്വകാര്യ കമ്പനികളുമായും എൻ.ടി.പി.സി ആസ്ഥാനത്തും നേരിട്ടെത്തി ചർച്ചകൾ നടത്തും.
നിലവിൽ പ്രതിദിനം 500 മുതൽ 700 വരെ മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് കേരളം നേരിടുന്നത്. ഇത് പരിഹരിക്കുന്നതിനായി ദിവസേന 10 മുതൽ 15 കോടി രൂപ വരെ അധികം ചെലവഴിച്ചാണ് കെ.എസ്.ഇ.ബി പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത്. ഞായറാഴ്ച ഉപയോഗത്തിൽ കുറവുണ്ടായെങ്കിലും ഇന്നലെ ഉപഭോഗം കുത്തനെ ഉയർന്നതോടെ വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ സംസ്ഥാനത്തുടനീളം ഘട്ടമായി പവർകട്ട് ഏർപ്പെടുത്തേണ്ടി വന്നു.



