മെസ്സി തട്ടിപ്പ് കേസ്: റിപ്പോർട്ടർ ചാനലും ആന്റോ അഗസ്റ്റിനും പ്രതിപ്പട്ടികയിൽ; പരിശോധന വാറന്റോടെയെന്ന് എ.ഡി.ജി.പി

കൊച്ചി: പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിലും നിയമലംഘനങ്ങളിലും കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയും റിപ്പോർട്ടർ ചാനലിനെ രണ്ടാം പ്രതിയുമാക്കിയതായി എ.ഡി.ജി.പി പി. വിജയൻ അറിയിച്ചു. ചാനൽ ഓഫീസിൽ പോലീസ് പരിശോധന നടത്തിയത് കോടതിയിൽ നിന്ന് കൃത്യമായ സെർച്ച് വാറന്റ് വാങ്ങിയ ശേഷമാണെന്നും, പരിശോധനയിൽ മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കായിക വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. പ്രാഥമിക പരിശോധനയിൽ വിവര ശേഖരണവും മൊഴിയെടുക്കലും പൂർത്തിയാക്കിയതോടെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് വ്യക്തമാവുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് അന്വേഷണത്തിന് ആവശ്യമായ തെളിവുകളും രേഖകളും ശേഖരിക്കുന്നതിനായി ബന്ധപ്പെട്ട മജിസ്‌ട്രേറ്റിൽ നിന്ന് സെർച്ച് വാറന്റ് വാങ്ങിയാണ് അഞ്ച് കേന്ദ്രങ്ങളിൽ ഒരേസമയം അഞ്ചംഗ പോലീസ് സംഘം പരിശോധന നടത്തിയത്. ഈ നടപടികൾ മുഴുവൻ വീഡിയോഗ്രാഫ് ചെയ്തിട്ടുണ്ടെന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ സാങ്കേതിക വിദഗ്ധരും വനിതാ ജീവനക്കാരും സർക്കാരിന്റെ സ്വതന്ത്ര സാക്ഷികളും സംഘത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചാനൽ ഓഫീസിൽ കയറി വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയെന്ന ആരോപണം തള്ളിയ എ.ഡി.ജി.പി, ഒരു മിനിറ്റ് പോലും ചാനലിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. ഓഫീസിലെ മാധ്യമപ്രവർത്തകരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടില്ലെന്നും സെർച്ച് രജിസ്റ്റർ പരിശോധിച്ച് ഇത് ഉറപ്പുവരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ തയാറാക്കിയിട്ടുള്ളതെന്നും തുടർന്നുള്ള സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുമോ എന്ന കാര്യം വ്യക്തമാകൂ എന്നും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles