തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് മരിച്ച കേസിൽ വിചാരണ പുനരാരംഭിക്കാനുള്ള പുതിയ തീയതി നിശ്ചയിക്കുന്നത് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി മാറ്റിവെച്ചു. കേസ് നടത്തിപ്പിനായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക സർക്കാർ ഉത്തരവ് ലഭിക്കാത്തതിനെ തുടർന്നാണ് വിചാരണ നടപടികൾ വൈകുന്നത്.
കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കെ.എം. ബഷീറിന്റെ ഭാര്യയുടെ അപേക്ഷ പരിഗണിച്ച് അഡ്വ. സന്തോഷ് കുമാറിനെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്ന പശ്ചാത്തലത്തിൽ വിചാരണ നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്. വിസ്തരിച്ച സാക്ഷികളിൽ ഒരാൾ കോടതിയിൽ കൂറുമാറുകയുണ്ടായി. ഇതിനുപുറമെ 6 രേഖകളും 10 തൊണ്ടിമുതലുകളും കേസിൽ കോടതി തെളിവുകളായി സ്വീകരിച്ചിട്ടുണ്ട്.
അപകടം നടന്ന കവടിയാർ – മ്യൂസിയം റോഡിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് വിചാരണ ഒരു വർഷത്തോളം തടസ്സപ്പെട്ടിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം സംബന്ധിച്ച് സർക്കാരിൽ നിന്നും ഔദ്യോഗിക ഉത്തരവ് ലഭിച്ചാലുടൻ വിചാരണ നടപടികൾ പുനരാരംഭിക്കാനാണ് കോടതിയുടെ തീരുമാനം.



