കൊൽക്കത്തയിൽ അധ്യാപികയ്ക്ക് നേരെ വംശീയാതിക്രമം: ചേമ്പറിൽ ഗംഗാജലം തളിച്ച് എ.ബി.വി.പിയുടെ ‘ശുദ്ധീകരണം’

കൊൽക്കത്ത: പരീക്ഷാ ചട്ടങ്ങൾ കർശനമാക്കിയതിന്റെ പേരിൽ കൊൽക്കത്തയിലെ പ്രശസ്തമായ സുരേന്ദ്രനാഥ് ലോ കോളേജിൽ പ്രൊഫസർ മുഹമ്മദി തറന്നുവിനെ 23 മണിക്കൂറോളം ഓഫീസ് മുറിയിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി രാജിക്കത്തിൽ ഒപ്പുവെപ്പിച്ചതായി പരാതി. തടങ്കലിലാക്കപ്പെട്ട പ്രൊഫസറെ പോലീസ് സംരക്ഷണയിൽ പുറത്തെത്തിച്ചതിന് തൊട്ടുപിന്നാലെ, എ.ബി.വി.പി പ്രവർത്തകർ അവരുടെ ചേമ്പറിൽ കയറി ചന്ദനത്തിരി കത്തിക്കുകയും ഗംഗാജലം തളിച്ച് ‘ശുദ്ധീകരണം’ നടത്തുകയും ചെയ്തത് വൻ വംശീയ-രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

സെപ്റ്റംബർ 29-ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ വ്യവസ്ഥ ചെയ്യുന്ന രീതിയിൽ വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 65 ശതമാനമെങ്കിലും ഹാജർ നിർബന്ധമാണെന്ന് വൈസ് പ്രിൻസിപ്പൽ നിലപാടെടുത്തതാണ് ഒരു വിഭാഗം വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്. ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ആവശ്യത്തിന് ഹാജരില്ലായിരുന്നു. തുടര്‍ന്ന് സെപ്റ്റംബർ 11-ന് ഓഫീസിലെത്തിയ അധ്യാപികയെ വിദ്യാർഥികൾ വളയുകയും വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ച് മണിക്കൂറുകളോളം തടങ്കലിൽ വെക്കുകയുമായിരുന്നു. മാനസികമായി കടുത്ത പീഡനത്തിനിരയാക്കി വിദ്യാർഥികൾ തന്നെ എഴുതിക്കൊണ്ടുവന്ന രാജിപത്രത്തിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിക്കുകയായിരുന്നുവെന്ന് പ്രൊഫസർ വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ കടുത്ത വംശീയ അധിക്ഷേപവും അതിക്രമങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ജീവന് ഭീഷണിയുണ്ടായാലും ഔദ്യോഗികമായി താൻ രാജിവെക്കില്ലെന്നും അധ്യാപിക പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീഷണിയെ തുടർന്ന് നൽകിയ നിർബന്ധിത രാജിക്കത്ത് അവർ പരസ്യമായി തള്ളിക്കളയുകയും ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കാമ്പസിലെ അനാവശ്യ രാഷ്ട്രീയ അതിക്രമങ്ങൾക്ക് തടയിടണമെന്നും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിനും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles