ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് യോഗത്തിൽ കൂട്ടത്തല്ല്; തിളച്ച ചായയൊഴിച്ചു, പോലീസുകാരനടക്കം നിരവധി പേർക്ക് പരിക്ക്

തൃശൂർ: ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് (ജോസഫ്) നേതൃയോഗത്തിനിടെ നേതാക്കളും പ്രവർത്തകരും തമ്മിൽ കടുത്ത ചേരിതിരിഞ്ഞ് അക്രമവും കൂട്ടത്തല്ലും. യോഗത്തിനിടെ പരസ്പരം പോർവിളിച്ച പ്രവർത്തകർ മേശപ്പുറത്തിരുന്ന ഫാനടക്കം എടുത്തെറിയുകയും തിളച്ച ചായ ഒഴിക്കുകയും ചെയ്തു. അക്രമത്തിൽ വനിതാ പ്രവർത്തകർക്കും സ്ഥലത്തുണ്ടായിരുന്ന പോലീസുകാരനും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തോമസ് ഉണ്ണിയാടൻ എം.എൽ.എയെ അനുകൂലിക്കുന്നവരും എതിർവിഭാഗവും തമ്മിലാണ് ഏറ്റുമുട്ടിയത്. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തോമസ് ഉണ്ണിയാടന് തൃശൂരിൽ സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് വഴിവെച്ചത്.

ഇതേ സമയം ഇരിങ്ങാലക്കുടയിലെ ഒരു വീട്ടിനുള്ളിൽ എതിർവിഭാഗം രഹസ്യയോഗം ചേർന്ന വിവരം അറിഞ്ഞെത്തിയ ഉണ്ണിയാടൻ അനുകൂലികൾ തങ്ങളാണ് യഥാർത്ഥ കേരള കോൺഗ്രസ് എന്ന് അവകാശപ്പെട്ട് ഇവിടേക്ക് ഇരച്ചുകയറുകയായിരുന്നു. തുടർന്ന് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെ യോഗത്തിനെത്തിച്ച ചൂടുചായ എതിർവിഭാഗത്തിന് നേരെ ഒഴിക്കുകയും മുറിയിലുണ്ടായിരുന്ന ഫാൻ ഊരിയെറിയുകയുമായിരുന്നു. ഫാനെറിഞ്ഞതിനെ തുടർന്നാണ് വനിതാ പ്രവർത്തകർക്ക് പരിക്കേറ്റതെന്നാണ് വിവരം. വീടിനുള്ളിൽ ആരംഭിച്ച സംഘർഷം പിന്നീട് തെരുവിലേക്കും പടരുകയായിരുന്നു.

മദ്യപിച്ചെത്തിയ ചിലരാണ് യോഗത്തിൽ അക്രമം അഴിച്ചുവിട്ടതെന്ന് പങ്കെടുക്കാനെത്തിയവർ ആരോപിക്കുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാർട്ടിയിലെ മന്ത്രി, ചീഫ് വിപ്പ് സ്ഥാനങ്ങളിലേക്ക് തന്നെ പരിഗണിച്ചില്ലെന്ന തോമസ് ഉണ്ണിയാടന്റെ കടുത്ത അമർഷമാണ് മേഖലയിൽ കേരള കോൺഗ്രസിനുള്ളിൽ വലിയ ഗ്രൂപ്പ് പോരിലേക്ക് നയിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles