കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ നാടകീയ സംഭവ വികാസങ്ങൾ തുടരുന്നു. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ മത്സരരംഗത്തുനിന്ന് പിന്മാറിയതിന് തൊട്ടുപിന്നാലെ, കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ വധക്കേസിൽ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. ടി.എം.സി സ്ഥാനാർത്ഥിയുടെ പെട്ടെന്നുള്ള പിന്മാറ്റത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തൃണമൂൽ അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. 2007-ലെ ചരിത്രപ്രസിദ്ധമായ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭ കാലത്തുണ്ടായ ഒരു കൊലപാതക കേസ് ചുമത്തിയാണ് മിലൻ പ്രധാനെ അറസ്റ്റ് ചെയ്തത്.
ബംഗാൾ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മമത പക്ഷ സ്ഥാനാർത്ഥിയായ സഞ്ചിത പ്രധാൻ നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും മരവിപ്പിക്കുകയും, എം.എൽ.എമാരും എം.പിമാരും കൂട്ടത്തോടെ പാർട്ടി വിടുകയും ചെയ്ത പശ്ചാത്തലത്തിൽ, നന്ദിഗ്രാമിലെ സ്ഥാനാർത്ഥിയുടെ ചുവടുമാറ്റം മമത ബാനർജിയെ കൂടുതൽ പ്രതിരോധത്തിലാക്കി. തൃണമൂലിന്റെ പേരും ചിഹ്നവും വിലക്കിയ കമ്മീഷന്റെ നടപടി നിയമവിരുദ്ധവും പ്രതികാര നടപടിയുമാണെന്ന് മമത ആരോപിച്ചു. ബി.ജെ.പി തന്റെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ കമ്മീഷൻ ഉത്തരവിനെതിരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
സ്ഥാനാർത്ഥി പിന്മാറിയ മറുനീക്കമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാമെന്ന് മമത ബാനർജി പ്രഖ്യാപിച്ചു. എന്നാൽ മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥിയും അറസ്റ്റിലായതോടെ ഉപതെരഞ്ഞെടുപ്പ് കളം വൻ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് വഴിമാറി. സുവേന്ദു അധികാരി നന്ദിഗ്രാം, ഭവാനിപൂർ മണ്ഡലങ്ങളിൽ ഒരുമിച്ച് വിജയിച്ച ശേഷം ഒരു സീറ്റ് രാജിവെച്ചതാണ് നന്ദിഗ്രാമിൽ വീണ്ടും ജനവിധിക്ക് കളമൊരുക്കിയത്. ഒക്ടോബർ ആറിന് തെരഞ്ഞെടുപ്പും ഒക്ടോബർ ഒമ്പതിന് വോട്ടെണ്ണലും നടക്കും. കമ്മീഷൻ അംഗീകാരം റദ്ദാക്കിയതോടെ മമത പക്ഷത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബോൾ പ്ലെയർ’ ചിഹ്നവുമാണ് അനുവദിച്ചിട്ടുള്ളത്.



