അനധികൃത മദ്യശേഖരണ കേസ്: റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: അനധികൃതമായി വീടുകളിൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഹരജിക്കാരന് ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നിശ്ചിത ഇടവേളകളിൽ ഹാജരാകണമെന്നും, കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

നേരത്തെ സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെത്തുടർന്ന് ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം, ആന്റോ അഗസ്റ്റിനും സഹോദരങ്ങൾക്കുമെതിരെയുള്ള വിവാദപരമായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് അന്വേഷണം പൂർത്തിയാക്കി ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2021-ൽ രജിസ്റ്റർ ചെയ്ത കേസിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഈട്ടിത്തടികൾ അനധികൃതമായി മുറിച്ചുകടത്തിയെന്നാണ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെയുള്ള കണ്ടെത്തൽ.

ചോറ്റാനിക്കര കോടതിയിൽ നിലവിലുള്ള വഞ്ചനാക്കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ മുൻപ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. വയനാട്ടിലെ പ്രധാന കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചിരുന്നത്. എന്നാൽ വനംവകുപ്പ് അന്തിമ റിപ്പോർട്ട് കോടതിയിൽ വേഗത്തിൽ സമർപ്പിച്ചതോടെ പ്രതികളുടെ ഈ നീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന ഹരജി സുപ്രീം കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles