കണ്ണൂർ സ്വദേശിക്ക് നാട്ടിലേക്ക് മടങ്ങാൻ തണലൊരുക്കി ഐ.സി.എഫ് ഹായിൽ നുഗ്ര യൂണിറ്റ്

ഹായിൽ: ജോലി നഷ്ടപ്പെടുകയും ഗുരുതര രോഗാവസ്ഥ നേരിടുകയും ചെയ്ത് സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസി മലയാളിക്ക് തണലൊരുക്കി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഹായിൽ നുഗ്ര യൂണിറ്റ്. കണ്ണൂർ സ്വദേശിയായ പ്രവാസിക്കാണ് സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ഐ.സി.എഫ് ആശ്വാസമേകിയത്.

കഴിഞ്ഞ കുറേ വർഷങ്ങളായി ദമ്മാമിലും തുടർന്ന് ഹായിലിലും ബുഫിയ (ലഘുഭക്ഷണശാല) നടത്തിവന്നിരുന്ന ഇദ്ദേഹത്തിന് പ്രതീക്ഷിച്ച രീതിയിൽ കച്ചവടം നടക്കാതെ വരികയും സ്ഥാപനം വൻ നഷ്ടത്തിലാവുകയുമായിരുന്നു. ഇതോടെ ജീവിതം കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതിനിടയിൽ സ്വന്തം രോഗാവസ്ഥയും കുടുംബത്തിലെ പ്രയാസങ്ങളും കൂടി ആയതോടെ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലായ ഇദ്ദേഹത്തിന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഐ.സി.എഫ് ആണ് സംരക്ഷണവും തണലും നൽകി പോന്നത്.

തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ട് നിയമപരമായ മുഴുവൻ രേഖകളും ശരിയാക്കുകയും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാ ടിക്കറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഐ.സി.എഫ് നുഗ്ര യൂണിറ്റ് ഭാരവാഹികൾ ടിക്കറ്റ് അദ്ദേഹത്തിന് കൈമാറി. ചടങ്ങിൽ ഹായിൽ റീജിയൻ പ്രസിഡന്റ് ബഷീർ സഅദി കിന്നിംഗാർ, റീജിയൻ മീഡിയ & പബ്ലിക്കേഷൻ സെക്രട്ടറി സുബൈർ വേളൂർ, നുഗ്ര യൂണിറ്റ് പ്രസിഡന്റ് യാഖൂബ് അംജദി, നുഗ്ര യൂണിറ്റ് സെക്രട്ടറി യൂനുസ് ആദുർ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles