ഹായിൽ: ദീർഘകാലം സൗദിയിലെ ഹായിലിൽ പ്രവാസിയായിരിക്കുകയും കഴിഞ്ഞ ദിവസം നാട്ടിൽ വെച്ച് മരണപ്പെടുകയും ചെയ്ത സി.പി. അബ്ദുറഹ്മാൻ സാഹിബിന്റെ വേർപാടിൽ അനുശോചിച്ച് ഹായിൽ കൊടുവള്ളി കൂട്ടായ്മ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അൽ ഹബീബ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രവാസി പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
ഒരുകാലത്ത് ഹായിലിൽ എത്തുന്ന ഏതൊരു മലയാളി പ്രവാസിക്കും മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു ‘സി.പി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അബ്ദുറഹ്മാൻ സാഹിബ്. ബിസിനസ് രംഗത്തും സാമൂഹിക-ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, പ്രവാസ ലോകത്തേക്ക് പുതുതായി എത്തുന്നവർക്ക് എന്നും വഴികാട്ടിയായിരുന്നു. ജാതിമത ഭേദമന്യേ സഹായമഭ്യർത്ഥിച്ച് എത്തുന്ന ഏതൊരു അശരണനും തണലായി മാറിയ പ്രവാസി വ്യക്തിത്വത്തെ യോഗം വികാരനിർഭരമായി അനുസ്മരിച്ചു.
കോഴിക്കോട് കൊടുവള്ളി ഈസ്റ്റ് കിഴക്കോത്ത് സ്വദേശിയായ അദ്ദേഹം നാട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കുറച്ചുനാളുകളായി രോഗബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കൊടുവള്ളി കൂട്ടായ്മ ചെയർമാൻ അബ്ദുൽ റഹ്മാൻ ഓമശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എം.സി.സി സൗദി നാഷണൽ സെക്രട്ടറി ബഷീർ മാള ഉദ്ഘാടനം ചെയ്തു. ബഷീർ സഅദി കിന്നിംഗാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ സലാം സഅദി പാവൂർക്കോണം (ഐ.സി.എഫ്), ഖൈദർ അലി ഖാസിം (ഒ.ഐ.സി.സി), ബാപ്പു എസ്റ്റേറ്റ് മുക്ക് (കെ.എം.സി.സി), മജീദ് വട്ടോളി, നസീർ മുക്കം, കുഞ്ഞായിൻ, ഷാജി താമരശ്ശേരി, കാദർ കൊടുവള്ളി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ നൗഫൽ പറക്കുന്ന് സ്വാഗതവും മീഡിയ സെക്രട്ടറി സലാം നരിക്കുനി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അഫ്സൽ കായംകുളം



