ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീൻ തബ്ലീഗ് ജമാഅത്ത് മർകസ് സന്ദർശിച്ചതിന്റെ പേരിൽ രണ്ട് മുസ്ലിം യുവാക്കൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് എടുത്ത കോവിഡ് കേസ് അലഹബാദ് ഹൈക്കോടതി പൂർണ്ണമായി റദ്ദാക്കി. യാതൊരുവിധ ശാസ്ത്രീയമായ തെളിവുകളുമില്ലാതെ, കേവലം ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും മാത്രം അടിസ്ഥാനത്തിലാണ് യുവാക്കൾക്കെതിരെ വ്യാജമായി കേസെടുത്തതെന്ന് കോടതി രൂക്ഷമായി നിരീക്ഷിച്ചു. ഫൈസാൻ ഉൾപ്പെടെയുള്ള രണ്ട് യുവാക്കൾ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് ഡോ. ഗൗതം ചൗധരി ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് നിർണ്ണായകമായ ഈ വിധി പ്രസ്താവിച്ചത്.
2020 ഏപ്രിൽ രണ്ടിനാണ് ഡൽഹി നിസാമുദ്ദീൻ മർകസ് സന്ദർശിക്കുകയും മഹാമാരിയുടെ സമയത്ത് രോഗവ്യാപനത്തിന് കാരണക്കാരാവുകയും ചെയ്തുവെന്ന് ആരോപിച്ച് യു.പി പോലീസ് യുവാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ജൗൻപൂരിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കുറ്റപത്രവും സമൻസ് ഉൾപ്പെടെയുള്ള തുടർനടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) 528-ാം വകുപ്പ് പ്രകാരമാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
യുവാക്കൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും, അവരുടെ യാത്രയും സന്ദർശനവും വഴി പ്രദേശത്ത് മറ്റുള്ളവരിലേക്ക് വൈറസ് പടർന്നേക്കാമെന്നുമുള്ള തികച്ചും അടിസ്ഥാനമില്ലാത്ത നിഗമനങ്ങളുടെ പുറത്താണ് പോലീസ് കേസെടുത്തത്. എന്നാൽ യുവാക്കളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നുവെന്ന യാഥാർത്ഥ്യം കണക്കിലെടുത്ത കോടതി, പോലീസിന്റെ അടിസ്ഥാനരഹിതമായ വാദങ്ങൾ പൂർണ്ണമായി തള്ളിക്കളയുകയായിരുന്നു. നിയമപരമായ യാതൊരു നിലനിൽപ്പുമില്ലാത്ത കേസാണിതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഹരജിക്കാർക്കെതിരെ ജൗൻപൂർ കോടതിയിലുള്ള മുഴുവൻ ക്രിമിനൽ നടപടികളും റദ്ദാക്കുകയും ചെയ്തു.



