തൃശൂർ : സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പൊതുഗതാഗത സംവിധാനത്തിന് കൈത്താങ്ങായി കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് സമ്മാനിച്ച് സ്വകാര്യ വ്യവസായി. അങ്കമാലി സ്വദേശിയും ഹീമാൻ റോബോട്ടിക് കാർ പാർക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ ജോസാണ് മാതൃകാപരമായ ഈ വേറിട്ട സമ്മാനവുമായി മുന്നോട്ടുവന്നത്. ബസ് വാങ്ങുന്നതിനായുള്ള 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് നേരിട്ടെത്തി മുഖ്യമന്ത്രിക്ക് കൈമാറി. തുടർന്ന് മുഖ്യമന്ത്രി തുക ഗതാഗത മന്ത്രിക്ക് കൈമാറുകയായിരുന്നു.
ഒരു സ്വകാര്യ വ്യക്തിയോ സ്ഥാപനമോ സ്വന്തം ചെലവിൽ കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങി നൽകുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണെന്ന് ഗതാഗത മന്ത്രി റോജി എം. ജോൺ പറഞ്ഞു. പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നടത്തിയ ആഹ്വാനത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ജോസ് വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇത്തരം ചെറിയ പങ്കാളിത്തങ്ങൾ ഉപകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. താൻ അങ്കമാലി സ്വദേശിയായതിനാൽ പുതിയ ബസ് അങ്കമാലി ഡിപ്പോയ്ക്ക് തന്നെ അനുവദിക്കണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.



