ഇറാനെ തകർക്കുമെന്ന ട്രംപിന്റെ ഭീഷണി വെറും പ്രചാരണം; ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനിയൻ സൈന്യം

ടെഹ്റാൻ: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ സമ്പൂർണ്ണമായി ഇല്ലായ്മ ചെയ്യുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെ തള്ളി ഇറാന്റെ സായുധ സേന. ട്രംപിന്റെ പ്രസ്താവനകൾ വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണെന്നും, ആക്രമണത്തിന് മുതിർന്നാൽ യുദ്ധത്തിലെ മുൻ ഘട്ടങ്ങളേക്കാൾ കനത്തതും പ്രവചനാതീതവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ സൈനിക ജനറൽ സ്റ്റാഫും ഖാതം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സും മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭാ (UN) പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് ഇറാനുമായി കരാറിലെത്തിയില്ലെങ്കിൽ രാജ്യത്തെ തകർക്കുമെന്ന കടുത്ത ഭീഷണി ട്രംപ് മുഴക്കിയത്.

എന്നാൽ, അമേരിക്കൻ സൈന്യത്തിന്റെ തളർച്ചയും സ്ട്രാറ്റജിക് തടസ്സങ്ങളുമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് ഇറാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അമേരിക്കയുടെ സാന്നിധ്യമാണ് പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ഭീഷണിക്കും അസ്ഥിരതയ്ക്കും പ്രധാന കാരണമെന്നും ടെഹ്റാൻ കുറ്റപ്പെടുത്തി. യു.എൻ പൊതുസഭയിൽ പങ്കെടുക്കാൻ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ന്യൂയോർക്കിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് കടുത്തത്.

തങ്ങളുടെ സൈനിക കരുത്തിന് മുന്നിൽ അമേരിക്കയുടെ ഭീഷണികൾക്ക് യാതൊരു വിലയുമില്ലെന്നും, ഭീഷണികൾക്ക് വഴങ്ങാതെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സർവ്വസജ്ജമാണെന്നും ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles