കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബഷീറിന്റെ കുടുംബം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കാൻ സർക്കാരിനോട് ജസ്റ്റിസ് നിർദ്ദേശിച്ചു.
കേസിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുവെന്നാണ് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ നിന്ന് പിന്മാറി പ്രത്യേക പ്രോസിക്യൂട്ടർ ആവശ്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സർക്കാരിന്റെ ഈ നിലപാടിനെതിരെയാണ് ബഷീറിന്റെ കുടുംബം നീതിതേടി ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂട്ടറെ ഒഴിവാക്കാനുണ്ടായ കാരണങ്ങളും അതിലേക്ക് നയിച്ച തീരുമാനങ്ങളടങ്ങിയ ഫയലുകളും ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വെച്ചാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിനിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കാർ. അപകട സമയത്ത് വാഹനം ഓടിച്ചത് വഫയാണെന്ന് വരുത്തിതീർക്കാൻ ശ്രീറാമും പോലീസും ശ്രമിച്ചെങ്കിലും ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ശക്തമായ ഇടപെടലോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിട്ടുള്ളത്.



