റിയാദ്: യാതൊരു വിധ രോഗലക്ഷണങ്ങളും പ്രകടമാകാതിരുന്നിട്ടും ജനിതക വൈകല്യം മൂലം ഹൃദയപേശികൾ ബലഹീനമാകുന്ന അപൂർവ്വ രോഗാവസ്ഥ തിരിച്ചറിയപ്പെടുകയും, തുടർന്ന് നടന്ന വിജയകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതത്തിലേക്ക് തിരികെ എത്തുകയും ചെയ്ത സൗദി യുവതി ദുറയുടെ ജീവന്റെ കഥ ശ്രദ്ധേയമാകുന്നു. റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ (KFSH) നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ഒരു വർഷത്തിന് ശേഷം, ഇരുപതുകളിലെത്തിയ ഈ യുവതി തന്റെ നിയമ പഠനത്തിലേക്കും ചിത്രരചനയിലേക്കും സജീവമായി തിരിച്ചെത്തിയിരിക്കുകയാണ്.
ദുറയുടെ സഹോദരിക്ക് ഹൃദയപേശികളെ ബാധിക്കുന്ന ‘കാർഡിയോമയോപ്പതി’ (Cardiomyopathy) സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ദുറയ്ക്കും ഇതേ രോഗത്തിന് കാരണമാകുന്ന ജനിതക വ്യതിയാനം (Genetic Mutation) ഉണ്ടെന്ന് കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഡോക്ടർമാർക്ക് ദുറയുടെ ആരോഗ്യാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇത് വഴി സാധിച്ചു. എന്നാൽ, കാലക്രമേണ ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും മരുന്നുകൾ ഫലപ്രദമാകാതെ വരുകയും ചെയ്തതോടെ മെഡിക്കൽ കമ്മിറ്റി ദുറയെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
അനുയോജ്യമായ ഹൃദയദാതാവിനായി അഞ്ച് മാസത്തോളം കാത്തിരുന്ന ദുറയ്ക്ക് ഒടുവിൽ 8 മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതിയ ഹൃദയം ഘടിപ്പിച്ചു. കെ.എഫ്.എസ്.എച്ചിലെ അഡൽറ്റ് ഹാർട്ട് ഫെയിലിയർ കൺസൾട്ടന്റ് ഡോ. അഹമ്മദ് അൽമുസ്തഫയുടെ നേതൃത്വത്തിലായിരുന്നു ചികിത്സയും ശസ്ത്രക്രിയയും. ശസ്ത്രക്രിയയ്ക്ക് ശേഷം പുതിയ ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നതിനായി എക്മോ (ECMO) ജീവൻരക്ഷാ സംവിധാനത്തിന്റെ സഹായം നൽകുകയും, മൂന്ന് ദിവസത്തിന് ശേഷം ശരീരം പുതിയ ഹൃദയം വിജയകരമായി സ്വീകരിക്കുകയും ചെയ്തു. രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ രോഗം കണ്ടെത്താൻ ജനിതക പരിശോധന വലിയ പങ്കുവഹിക്കുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നു.



