പഴയ സൗദി ഡ്രൈവിംഗ് ലൈസൻസ് ഇനി എളുപ്പത്തിൽ വീണ്ടെടുക്കാം; ഡ്രൈവിംഗ് സ്കൂളുകൾ സന്ദർശിക്കാതെ പുതുക്കാൻ ‘അബ്ഷീർ’

റിയാദ്: സൗദി അറേബ്യ വിട്ടുപോയ ശേഷം പുതിയ വിസയിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് ഡ്രൈവിംഗ് സ്കൂളുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ തങ്ങളുടെ പഴയ സൗദി ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാനും വീണ്ടും കരസ്ഥമാക്കാനും സൗകര്യമൊരുക്കി ‘അബ്ഷീർ’ (Absher) പ്ലാറ്റ്‌ഫോം. പ്രൈവറ്റ് (സ്വകാര്യ) സൗദി ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള പ്രവാസികൾക്കാണ് ഈ പുതിയ ഡിജിറ്റൽ സേവനം ലഭ്യമാകുക. അബ്ഷീർ പ്ലാറ്റ്‌ഫോമിലെ ‘Replacement of a Previous Saudi Driver’s License for a Resident’ എന്ന ഓൺലൈൻ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ മുൻപത്തെ ലൈസൻസ് തിരഞ്ഞെടുക്കാനും, അത് പുതുക്കേണ്ട കാലാവധി നിശ്ചയിക്കാനും സാധിക്കും.

കൂടാതെ, ലൈസൻസ് ഡെലിവറി ചെയ്യേണ്ട വിലാസം നൽകി അതിനുള്ള സേവന ഫീസ് ഇലക്ട്രോണിക് സംവിധാനം വഴി അടയ്ക്കാനും കഴിയും. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ഇലക്ട്രോണിക് നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ ലൈസൻസ് ഉപയോക്താവിന്റെ വിലാസത്തിലേക്ക് നേരിട്ട് എത്തിച്ചുനൽകും. അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ 3 മുതൽ 7 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് അബ്ഷീർ അധികൃതർ വ്യക്തമാക്കുന്നത്. മൂല്യവർദ്ധിത നികുതിയും (VAT) മറ്റ് ബാധകമായ സർക്കാർ ഫീസുകളും ഉൾപ്പെടെ 57.5 സൗദി റിയാലാണ് ഈ ഇലക്ട്രോണിക് സേവനത്തിനായി ഈടാക്കുന്നത്

Related Articles

- Advertisement -spot_img

Latest Articles