മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം; തിരിച്ചടി നൽകുമെന്ന് സൗദി സഖ്യസേന

മദീന: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മദീനയിലെ തൈബ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ യമനിലെ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയതായി സൗദി നയിക്കുന്ന അറബ് സഖ്യസേന സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5:11-ഓടെ നടന്ന ഭീകരാക്രമണത്തിൽ ഒരു പവർ ട്രാൻസ്ഫോർമറിന് തകരാർ സംഭവിച്ചതായി സേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

പ്രവാചക പള്ളിയിലേക്കടക്കം (മസ്ജിദുന്നബവി) വിതരണം നടത്തുന്ന പ്രധാന വിതരണ കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണം. ഡ്രോണിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ആക്രമണത്തിന് പിന്നിൽ ഹൂതി മിലിഷ്യയാണെന്ന് വ്യക്തമായതെന്ന് അൽ മാലിക്കി അറിയിച്ചു. ആക്രമണത്തിൽ ഒരു ട്രാൻസ്ഫോർമറിന്റെ പ്രവർത്തനം തടസ്സപ്പെട്ടെങ്കിലും നഗരത്തിലെ മറ്റ് വൈദ്യുതി വിതരണ ശൃംഖലയെ അത് ബാധിച്ചില്ലെന്നും പെട്ടെന്ന് തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

വിശുദ്ധ നഗരത്തിന് നേരെയുണ്ടായ പ്രകോപനപരമായ ആക്രമണത്തെ ജി.സി.സി (GCC) ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു. പൊതുജന സൗകര്യങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ഭീരുത്വം നിറഞ്ഞ ഇത്തരം ഭീകര പ്രവർത്തനങ്ങൾക്കെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി സഖ്യസേന വ്യക്താമാക്കി.

Related Articles

- Advertisement -spot_img

Latest Articles