വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാന് മേലുള്ള അധിനിവേശ ഭീഷണികളും നയതന്ത്ര പ്രതിസന്ധികളും രൂക്ഷമായി തുടരുന്നതിനിടെ പശ്ചിമേഷ്യയിൽ വൻ സൈനിക വിന്യാസവുമായി അമേരിക്ക. മേഖലയിലേക്ക് മൂന്നാമതൊരു വിമാനവാഹിനിക്കപ്പലും പതിനായിരത്തോളം പുതിയ യു.എസ് സൈനികരെയും അയക്കുന്നതോടെ യുദ്ധം കൂടുതൽ വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. വരുന്ന നവംബർ അവസാനത്തോടെ ഇറാന് ചുറ്റും മൂന്ന് പ്രഹരശേഷിയുള്ള വിമാനവാഹിനിക്കപ്പലുകളും (Aircraft carriers) രണ്ട് ആംഫീബിയസ് ലാൻഡിംഗ് ഗ്രൂപ്പുകളും പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുമെന്ന് രാജ്യാന്തര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.
പുതിയ സൈനിക വിന്യാസത്തോടെ പശ്ചിമേഷ്യയിലെ ആകെ അമേരിക്കൻ സൈനികരുടെ എണ്ണം ഇരുപതിനായിരവും കടക്കും. പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും തന്ത്രപ്രധാന സൈനിക താവളങ്ങളുടെ വിപുലീകരണവും വിമാനവാഹിനികളുടെ സാന്നിധ്യവും ഇറാനെതിരെ ഒരു വലിയ സൈനിക നീക്കത്തിനുള്ള തയ്യാറെടുപ്പാണെന്നാണ് നിരീക്ഷകർ കരുതുന്നത്.അതേസമയം, അമേരിക്കയുടെ പുതിയ നീക്കങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്.
യു.എസ് സൈന്യത്തിന്റെ ഏത് നീക്കത്തെയും ചെറുത്തുതോൽപ്പിക്കാൻ തങ്ങളുടെ സൈന്യം പൂർണ്ണ സജ്ജമാണെന്നും, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളും കപ്പലുകളും തങ്ങളുടെ ലക്ഷ്യപരിധിയിലാണെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താക്കൾ വ്യക്തമാക്കി. ന്യൂയോർക്കിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വാഗ്വാദങ്ങളും സൈനിക നീക്കങ്ങളും ശക്തമാകുന്നത് മേഖലയെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിയിടുകയാണ്.



