ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കിൽ ഇളവ് നൽകി യു.എസ്: നജഫിലേക്കുള്ള തീർത്ഥാടക സർവീസുകൾ പുനരാരംഭിക്കാൻ ഇറാഖ്

ബാഗ്ദാദ്: ഗൾഫ്-പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധ സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് മേൽ ഏർപ്പെടുത്തിയ വ്യോമയാന ഉപരോധത്തിൽ ഭാഗിക ഇളവുകൾ അനുവദിച്ച് അമേരിക്ക. ഷിയാ തീർത്ഥാടന കേന്ദ്രമായ ഇറാഖിലെ നജഫ് നഗരത്തിലേക്ക് വിമാന സർവീസുകൾ നടത്താൻ ചില ഇറാന്യൻ വിമാന കമ്പനികൾക്കാണ് യു.എസ് ഇളവ് നൽകിയതെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു.

യു.എസ് തീരുമാനത്തോടെ മഹാൻ എയർ (Mahan Air) ഒഴികെയുള്ള മറ്റ് ഇറാനിയൻ വിമാന കമ്പനികൾക്ക് നജഫിലേക്ക് പ്രതിദിനം 40 സർവീസുകൾ വരെ നടത്താൻ അനുമതി ലഭിച്ചു. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് അമേരിക്ക ഇറാനിയൻ ഏവിയേഷൻ മേഖലയ്ക്ക് മേൽ വൻ ഉപരോധം പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ ആഴ്ച നജഫ് വിമാനത്താവളം ഇറാനിയൻവിമാനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തുകയും യാത്രക്കാർ കടുത്ത ദുരിതത്തിലാവുകയും ചെയ്തിരുന്നു. തുടർന്നാണ് ഇറാഖ് ദേശീയ വിമാനക്കമ്പനിയായ ഇറാഖി എയർവേയ്‌സിനും ഇപ്പോൾ ഇറാനിയൻ കമ്പനികൾക്കും നിബന്ധനകളോടെ ഇളവ് അനുവദിച്ചത്.

ഒക്ടോബർ മാസത്തോടെ സർവീസുകൾ പൂർണ്ണതോതിൽ ആരംഭിക്കുമെന്ന് ഇറാഖ് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടകർക്കും ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കും ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വാഗതം ചെയ്തു. ഉപരോധം ശക്തമാക്കാൻ യു.എസ് ശ്രമിക്കുന്നുണ്ടെങ്കിലും ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ വിലക്കുകൾ അവഗണിച്ചിട്ടുണ്ട്. ഇസ്താംബൂളിലേക്ക് ഇറാന് എയറിന് തുർക്കി അനുമതി നൽകിയപ്പോൾ യു.എ.ഇ പൂർണ്ണ വിലക്ക് തുടരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles